തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് തകർക്കുമെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഗതാഗത കമ്മീഷണറുടെ ഓഫീസിലും, നെടുമ്പാശ്ശേരി വിമാനത്താവളത്തിലും സമാന സന്ദേശം എത്തി. രാജ് ഭവനിലും ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. പിന്നാലെ സെക്രട്ടറിയേറ്റിലും ക്ലിഫ് ഹൗസിലും രാജ്ഭവനിലും ബോംബ് സ്ക്വാഡ് പരിശോധ തുടങ്ങി.
ഇമെയിൽ വഴിയാണു ഭീഷണി സന്ദേശം എത്തിയത്. ഇമെയിലിന്റെ ഉറവിടം പൊലീസ് കണ്ടെത്തിയിട്ടില്ല. ലഹരിക്കെതിരായ നടപടിയിൽ നിന്നും മുഖ്യമന്ത്രി പിന്തിരിയണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. തലസ്ഥാനത്ത് പലയിടങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ വ്യാജ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇന്നലെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സിറ്റി ട്രാഫിക് കൺട്രോളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് വിശദമായ പരിശോധന നടത്തിയിരുന്നു.
രണ്ടാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞത്ത് എത്താനിരിക്കെയാണ് തലസ്ഥാനത്ത് നിരന്തരം ബോംബ് ഭീഷണി എത്തുന്നത്. രണ്ടാഴ്ചക്കിടയിൽ 16 വ്യാജ സന്ദേശങ്ങളാണ് തിരുവനന്തപുരം നഗരത്തിൽ മാത്രം ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. അടിയ്ക്കടി റിപ്പോർട്ട് ചെയ്യുന്ന വ്യാജ ബോംബ് ഭീഷണികളെ അതീവ ഗൗരവത്തോടെയാണ് അധികൃതർ നോക്കിക്കാണുന്നത്.