Tuesday, March 24, 2026
Home » ബംഗ്ലാദേശിനും രണ്ടു ‘ചിക്കന്‍ നെക്ക്’ ഇടനാഴികളുണ്ടെന്ന് ഓർമിപ്പിച്ചു അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.
ബംഗ്ലാദേശിനും രണ്ടു 'ചിക്കന്‍ നെക്ക്' ഇടനാഴികളുണ്ടെന്ന് ഓർമിപ്പിച്ചു അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.

ബംഗ്ലാദേശിനും രണ്ടു ‘ചിക്കന്‍ നെക്ക്’ ഇടനാഴികളുണ്ടെന്ന് ഓർമിപ്പിച്ചു അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.

by Editor
Send your news and Advertisements

ഗുവാഹത്തി: ഇന്ത്യക്കെതിരെ ബംഗ്ലാദേശ് പതിവായി പ്രയോഗിക്കുന്ന ‘ചിക്കന്‍ നെക്ക്’ ഇടനാഴി (സിലിഗുരി ഇടനാഴി) ഭീഷണിക്ക് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ബംഗ്ലാദേശിനും ഇതുപോലുള്ള രണ്ട് ഇടുങ്ങിയ ഇടനാഴികളുണ്ടെന്നും അവ കൂടുതല്‍ ദുര്‍ബലമാണെന്നും അദ്ദേഹം ‘എക്‌സി’ല്‍ കുറിച്ചു.

‘ബംഗ്ലാദേശിന്റെ ആദ്യത്തെ ‘ചിക്കൻ നെക്ക്’ ദക്ഷിണ ദിനാജ്പുരിനും തെക്കുപടിഞ്ഞാറൻ ഗാരോ കുന്നുകൾക്കും ഇടയിലുള്ള 80 കിലോമീറ്റർ നീളമുള്ള വടക്കൻ ബംഗ്ലാദേശ് ഇടനാഴിയാണ്. ഇവിടെയുണ്ടാകുന്ന ഏതൊരു തടസ്സവും രംഗ്‌പുർ ഡിവിഷനെ ബംഗ്ലാദേശിൻ്റെ മറ്റു ഭാഗങ്ങളിൽനിന്ന് പൂർണ്ണമായും ഒറ്റപ്പെടുത്തും. രണ്ടാമത്തേത് ദക്ഷിണ ത്രിപുര മുതൽ ബംഗാൾ ഉൾക്കടൽ വരെയുള്ള 28 കിലോമീറ്റർ നീളമുള്ള ചിറ്റഗോങ് ഇടനാഴിയാണ്. ഇന്ത്യയുടെ ‘ചിക്കൻ നെക്കി’നേക്കാൾ ചെറുതായ ഈ ഇടനാഴി, ബംഗ്ലാദേശിന്റെ സാമ്പത്തിക തലസ്ഥാനത്തെയും രാഷ്ട്രീയ തലസ്ഥാനത്തെയും ബന്ധിപ്പിക്കുന്ന ഒരേയൊരു കണ്ണിയാണ്. ചിലർ മറക്കാൻ സാധ്യതയുള്ള ഭൂമിശാസ്ത്രപരമായ ചില വസ്തു‌തകൾ മാത്രമാണ് ഞാൻ പറയുന്നത്.’ അദ്ദേഹം ‘എക്സി’ൽ കുറിച്ചു. ഇടനാഴികളുടെ മാപ്പ് സഹിതമാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ഇന്ത്യയുടെ ‘ചിക്കന്‍ നെക്ക്’ പിടിച്ചെടുത്ത് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളെ വേര്‍പെടുത്തുമെന്നടക്കമുള്ള പ്രസ്താവനകള്‍ ബംഗ്ലാദേശില്‍ നിന്നുയരുന്ന പശ്ചാത്തലത്തിലാണ് ബംഗ്ലാദേശിന് സംഭവിക്കാവുന്ന കാര്യം ചൂണ്ടിക്കാട്ടിയുള്ള അസം മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കരയാൽ ചുറ്റപ്പെട്ട പ്രദേശങ്ങളാണ്. ബംഗ്ലാദേശ് മാത്രമാണ് ഈ മേഖലയിലെ സമുദ്രത്തിന്റെ ഏക സംരക്ഷകൻ. ചൈനയ്ക്ക് ഇത് വലിയൊരു അവസരമാണെന്നും ബംഗ്ലാദേശിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു ബംഗ്ലാദേശ് ഇടക്കാല സർക്കാരിൻ്റെ തലവൻ മുഹമ്മദ് യൂനുസ് കുറച്ചു ദിവസങ്ങൾക്കു മുൻപ് നടത്തിയ പരാമർശം. ഈ പരാമർശങ്ങൾക്ക് മറുപടിയായായാണ് അസം മുഖ്യമന്ത്രി രംഗത്ത് വന്നത്. മേഖലയിലേക്ക് ചൈനയെ ക്ഷണിച്ച യൂനുസിൻ്റെ നടപടിക്ക് പിന്നാലെ തുറമുഖങ്ങളും വിമാനത്താവളങ്ങളും വഴി ചരക്കു കടത്താൻ ബംഗ്ലാദേശിനെ അനുവദിക്കുന്ന കരാർ ഇന്ത്യ റദ്ദാക്കിക്കിയിരുന്നു.

You may also like

error: Content is protected !!