ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഫ്എസ് ഉദ്യോഗസ്ഥ നിധി തിവാരിയെ നിയമിച്ചു. 2014 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥയായ നിധി തിവാരി നിലവിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ ഡപ്യൂട്ടി സെക്രട്ടറിയാണ്. നിധി തിവാരിക്ക് പുറമേ വിവേക് കുമാർ, ഹാർദിക് സതീഷ്ചന്ദ്ര ഷാ എന്നിവരും പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാരാണ്.
യുപി വാരണാസി സ്വദേശിയാണ് നിധി തിവാരി. 2013-ൽ 96-ാം റാങ്കോടെയാണ് സിവിൽ സിവിൽ സർവീസ് പരീക്ഷ പാസായത്. മികച്ച ട്രാക്ക് റെക്കോർഡോടു കൂടിയാണ് ട്രെയിനിംഗ് പൂർത്തിയാക്കിയത്. 2022 ലാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തിയത്. അണ്ടർ സെക്രട്ടറിയായാണ് അന്ന് നിയമനം. 2023 ജനുവരി 6 മുതൽ തിവാരി പ്രധാനമന്ത്രിയുടെ ഓഫീസിൽ ഡെപ്യൂട്ടി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരികയാണ്. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് കീഴിൽ ‘വിദേശ, സുരക്ഷാ’ വിഭാഗത്തിൽ ഡെപ്യൂട്ടി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്യാന്തര ബന്ധങ്ങളിലെ വൈദഗ്ധ്യമാണ് പ്രധാനമന്ത്രിയുടെ ഓഫിസിലെ സുപ്രധാന പദവിയിലേക്ക് നിധി തിവാരിയെ എത്തിച്ചത്.