ന്യൂ ഡൽഹി: ജമ്മുകശ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിലെ ബിബിസി നിലപാടിൽ അതൃപ്തിയുമായി കേന്ദ്രം. റിപ്പോർട്ടിങ് പക്ഷപാതകരമാണെന്നാണു കേന്ദ്ര സർക്കാർ നിലപാട്. ഭീകരരെ ആയുധധാരികളെന്ന് വിശേഷിപ്പിച്ച് വാർത്തകൾ സംപ്രേഷണം ചെയ്യുന്നതിൽ ബിബിസി ഇന്ത്യ മേധാവിയെ കേന്ദ്രം കടുത്ത അതൃപ്തി അറിയിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങൾ ഭീകരരെ ആയുധധാരികൾ എന്ന് വിശേഷിപ്പിക്കുന്നതിൽ വലിയ വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം ബിബിസിയെ അതൃപ്തി അറിയിച്ചത്. ബിബിസി സംപ്രേഷണം ചെയ്യുന്ന വാർത്തകൾ നിരീക്ഷിക്കാനും കേന്ദ്രം തീരുമാനിച്ചതായാണ് വിവരം.
വസ്തുതകൾ അടിസ്ഥാനമാക്കി നിഷ്പക്ഷ വാർത്തകൾ നൽകണമെന്നും സൈനികനീക്കങ്ങളുമായി ബന്ധപ്പെട്ട തത്സമയ വാർത്തകൾ നൽകരുതെന്നുമടക്കം മാധ്യമങ്ങൾക്ക് കേന്ദ്രം കഴിഞ്ഞ ദിവസം കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അതിനിടെ പഹൽഗാം ഭീകരാക്രമണത്തിനു ശേഷം പ്രകോപനപരവും വർഗീയവുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 16 പാക്കിസ്ഥാൻ യുട്യൂബ് ചാനലുകൾ ഇന്ത്യയിൽ നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന്റെ പശ്ചാത്തലത്തിൽ അതിർത്തി ഗ്രാമങ്ങൾ കനത്ത ജാഗ്രതയിലാണ്. അതിർത്തി ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
തുർക്കിയും ചൈനയും പാക്കിസ്ഥാനിലേക്കു ആയുധങ്ങൾ എത്തിക്കുന്നു?