Tuesday, March 24, 2026
Home » തിരിച്ചടിച്ചു താലിബാൻ; പാക് – അഫ്‍ഗാന്‍ അതിർത്തിയിൽ യുദ്ധ സമാനസാഹചര്യം.
പാക്കിസ്ഥാൻ

തിരിച്ചടിച്ചു താലിബാൻ; പാക് – അഫ്‍ഗാന്‍ അതിർത്തിയിൽ യുദ്ധ സമാനസാഹചര്യം.

by Editor
Send your news and Advertisements

കാബൂൾ: പാക്കിസ്ഥാനിലെ സൈനിക പോസ്റ്റുകളിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ സേന ആക്രമണം നടത്തി. കഴിഞ്ഞയാഴ്ച അഫ്​ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് താലിബാന്റെ വ്യോമാക്രമണം. ആക്രമണത്തിൽ 19 പാക് സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതിർത്തി പ്രദേശങ്ങളിലെ പാക്കിസ്ഥാൻ പോസ്റ്റുകൾക്ക് നേരെ നിരവധി തവണ ആക്രമണങ്ങൾ നടന്നതായാണ് വിവരം. പാക്കിസ്ഥാന്റെ രണ്ട് സൈനിക പോസ്റ്റുകൾ താലിബാൻ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്.

അഫ്ഗാൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ “സാങ്കൽപ്പിക രേഖയ്‌ക്ക്” അപ്പുറത്താണ് ആക്രമണം നടത്തിയത് എന്നാണ് പറയുന്നത്. പാക്കിസ്ഥാനുമായുള്ള അതിർത്തിയെ പരാമർശിക്കാൻ അഫ്ഗാൻ അധികാരികൾ ഉപയോഗിച്ച പ്രയോഗമാണ്‌ സാങ്കൽപ്പിക രേഖ എന്നത്. “ഞങ്ങൾ ഇത് പാക്കിസ്ഥാന്റെ പ്രദേശമായി കണക്കാക്കുന്നില്ല, അതിനാൽ, ഞങ്ങൾക്ക് പ്രദേശം സ്ഥിരീകരിക്കാൻ കഴിയില്ല, പക്ഷേ അത് സാങ്കൽപ്പിക രേഖയുടെ മറുവശത്തായിരുന്നു.” എന്നാണ് മന്ത്രാലയ വക്താവ് ഇനായത്തുള്ള ഖൊവാരസ്മി പ്രസ്താവനയിൽ പറഞ്ഞത്.

ഇന്നത്തെ അഫ്‍ഗാനിസ്ഥാനും പാക്കിസ്ഥാനും ഇടയിലായി 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് അധികാരികൾ വരച്ച ഡ്യൂറൻഡ് ലൈൻ എന്നറിയപ്പെടുന്ന സാങ്കല്പിക രേഖയാണ് അതിർത്തി. ഈ രേഖയെ അഫ്ഗാനിസ്താൻ പതിറ്റാണ്ടുകളായി നിരസിച്ചു പോരുന്നു. കഴിഞ്ഞ ദിവസം അഫ്ഗാൻ അതിർത്തിക്കടുത്ത് വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 46 പേരെ പാക്കിസ്ഥാൻ കൊലപ്പെടുത്തിയിരുന്നു. ഇതാണ് സ്ഥിതി വഷളാക്കിയത്. കിഴക്കൻ പക്തിക പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെെന്നും ശക്തമായി തിരിച്ചടിക്കുമെന്നും താലിബാൻ അറിയിച്ചിരുന്നു. 2021-ൽ അഫ്​ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചത് മുതൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. പാക്- അഫ്ഗാൻ അതിർത്തിയിലുള്ളത് യുദ്ധ സമാന സാഹചര്യമാണെന്നാണ് പ്രതിരോധ വിദഗ്‌ധർ പറയുന്നത്.

You may also like

error: Content is protected !!