ടെഹ്റാൻ: ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്‌കാസ്റ്റിങ് (ഐആർഐബി) ആസ്ഥാനത്ത് ഇസ്രയേലിൻ്റെ ബോംബിങ്. തത്സമയം സംപ്രേക്ഷണത്തിനിടെയായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്ന് കെട്ടിടം ഇടിഞ്ഞു വീഴുന്നതും അവതാരക കസേരയിൽ നിന്ന് എഴുന്നേറ്റോടുന്നതും ദൃശ്യത്തിൽ കാണാം. ആക്രമണം നടന്നതായി ഇറാൻ സ്ഥിരീകരിക്കുകയും ചെയ്തു. ഐആർഐബിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ടെഹ്റാനിലെ മേഖലയിൽനിന്ന് ആളുകളോട് ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പ് നേരത്തെ ഇസ്രയേൽ പ്രതിരോധ സേന നൽകിയിരുന്നു. ഇറാൻ്റെ പ്രചാരണത്തിന്റെയും പ്രകോപനത്തിൻ്റെയും മുഖപത്രം അപ്രത്യക്ഷമാകാൻ പോകുന്നു’ എന്ന് ആക്രമണം സംബന്ധിച്ച് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. നിരവധി ജീവനക്കാർ കൊല്ലപ്പെട്ടെന്നും സ്റ്റുഡിയോ ഇല്ലെങ്കിലും സംപ്രേക്ഷണം തുടരുമെന്നും ഇറാൻ ദേശീയ ടെലിവിഷൻ അറിയിച്ചു.
ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ഇസ്രയേൽ ആക്രമണമുണ്ടായെന്നു ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ വിവിധയിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകളുണ്ട്. തലസ്ഥാന നഗരത്തിൽ കിഴക്ക്, പടിഞ്ഞാറ് മേഖലകളിലാണ് സ്ഫോടനങ്ങളുണ്ടായത്. ആക്രമണത്തിന് പിന്നാലെ ടെഹ്റാനിലെ സ്വിസ് എംബസി അടച്ചു. ഇറാൻ്റെ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകമാണ് കനത്ത ആക്രമണമുണ്ടായത്.
IsraeI has attacked Iran state TV while they were live on the air pic.twitter.com/5smbw2CVFs
— 🅹🅾️🅴🆈աrecκ ☭ (@joeywreck) June 16, 2025
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ ഇല്ലാതാക്കിയാൽ സംഘർഷം അവസാനിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഇറാൻ ഏകാധിപതിയെ എല്ലായിടത്തും ആക്രമിക്കും. ഇസ്രയേലിനെ യുഎസ് സഹായിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഇറാനിലെ ആസാദി സ്‌ക്വയറിലും ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ യുദ്ധവിമാനങ്ങൾ മിസൈൽ ആക്രമണത്തിൽ തകർത്തെന്നും പടിഞ്ഞാറൻ ഇറാനിലെ മിസൈൽ സംഭരണകേന്ദ്രം തകർത്തെന്നും ഇസ്രയേൽ അവകാശപ്പെട്ടു.
ഏറെ വൈകും മുൻപ് ഇറാൻ ചർച്ചയ്ക്കു തയാറാകണമെന്ന് യുഎസ് പ്രസിഡന്റ്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇസ്രയേൽ – ഇറാൻ സംഘർഷം അവസാനിപ്പിക്കണമെന്ന ജി7 പ്രസ്‌താവനയിൽ ഒപ്പിടാൻ ട്രംപ് തയാറായില്ല. വെടിനിർത്തലിന് ഗൾഫ് കോർപറേഷൻ കൗൺസിൽ ആഹ്വാനം ചെയ്‌തു. ഇറാന് മേലുള്ള ആക്രമണങ്ങളെ ജിസിസി മന്ത്രിതല സമിതി അപലപിച്ചു. ഇറാനിൽ ഇതുവരെ 406 പേർക്കു ജീവഹാനി സംഭവിച്ചെന്നാണു വാഷിങ്ടൻ ആസ്ഥാനമായ ഇറാൻ ഹ്യുമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് നൽകുന്ന വിവരം.
അതിനിടെ ദക്ഷിണ ചൈന കടലിലായിരുന്ന യുഎസ് വിമാനവാഹിനിക്കപ്പൽ യുഎസ്എസ് നിമിറ്റ്സ് മധ്യപൂർവ മേഖലയിലേക്കു നീങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.