ന്യൂഡൽഹി: ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട. 27.4 കോടിരൂപ വിലമതിക്കുന്ന മെത്താംഫെറ്റാമൈന്‍, എംഡിഎംഎ, കൊക്കെയ്ന്‍ എന്നിവയാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി)യും ഡല്‍ഹി പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് വന്‍ ലഹരിമരുന്നുവേട്ട.
ഡല്‍ഹിയിലെ ഛത്തര്‍പുര്‍ മേഖലയില്‍ ലഹരിമരുന്നു ഇടപാട് നടക്കാന്‍ പോകുന്നെന്ന വിവരം ലഭിച്ചതിന് പിന്നാലെ എന്‍സിബി-ഡല്‍ഹി പോലീസ് സംഘം നടത്തിയ പരിശോധനയില്‍ 10.2 കോടി വിലമതിക്കുന്ന 5.103 കിലോഗ്രാം മെത്താംഫെറ്റാമൈനുമായി ഒരു വാഹനം പിടികൂടി. വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ നാലുപേര്‍ ആഫ്രിക്കന്‍ പൗരന്മാരാണ്. പൊലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥി വിസയിൽ ഇന്ത്യയിൽ എത്തുന്ന ആഫ്രിക്കൻ യുവാക്കൾ ഇത്തരം സംഘങ്ങളുമായി ചേർന്ന് ലഹരി കച്ചവടത്തിൽ ഏർപ്പെടുന്നുണ്ടെന്ന് കണ്ടെത്തി. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗര്‍ മേഖലയിലെ ഒരിടത്തുനിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് കണ്ടെത്തി. ഇവിടെ നടത്തിയ പരിശോധനയില്‍ 1.156 കിലോഗ്രാം മെത്താംഫെറ്റാമൈനും 4.142 കിലോഗ്രാം അഫ്ഗാന്‍ ഹെറോയിനും 5.776 എംഡിഎഎയും പിടികൂടി. ഇവയ്ക്ക് ഏകദേശം 16.4 കോടിരൂപ വിലമതിക്കുമെന്നാണ് വിവരം.
അതിനിടെ കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവിതരണക്കാരനായ നൈജീരിയൻ സ്വദേശിയെ പിടികൂടി. 29-കാരനായ അഗ്ബെഡോ അസൂക്ക സോളമനാണ് അറസ്റ്റിലായത്. ഇരവിപുരം പൊലീസ് ഡൽഹിയിൽ എത്തി പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. കൊല്ലം നഗരത്തിൽ ഈ വർഷം നടന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണ് നൈജീരിയൻ സ്വദേശി അഗ്ബെഡോ അസൂക്ക സോളമനിൽ എത്തി നിൽക്കുന്നത്. മാർച്ച് 11 ന് രാത്രിയാണ് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണന്‍റെ നേതൃത്വത്തിലുള്ള സംഘം 90 ഗ്രാം എംഡിഎംഎ പിടികൂടിയത്. പ്രതികളെ ചോദ്യംചെയ്തപ്പോൾ ഡൽഹിയുള്ള നൈജീരിയൻ സ്വദേശിയിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് മനസിലായി. മൂന്ന് ദിവസം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് അഗ്ബെഡോ അസൂക്ക സോളമൻ എന്ന മുഖ്യ പ്രതി പിടിയിലായത്.