Thursday, July 31, 2025
Mantis Partners Sydney
Home » “കൊലക്കേസ് പ്രതിക്ക് മോചനം; നാളെ ചെന്താമരയെയും വെറുതെ വിടുമോ?” രമേശ് ചെന്നിത്തല
"കൊലക്കേസ് പ്രതിക്ക് മോചനം; നാളെ ചെന്താമരയെയും വെറുതെ വിടുമോ?" രമേശ് ചെന്നിത്തല

“കൊലക്കേസ് പ്രതിക്ക് മോചനം; നാളെ ചെന്താമരയെയും വെറുതെ വിടുമോ?” രമേശ് ചെന്നിത്തല

by Editor

തിരുവനന്തപുരം: ഭാസ്ക്കര കാരണവർ വധക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകി. ഷെറിന്റെ മോചനം ഗൂഢാലോചനയുടെ ഭാഗമാണെന്നും, ഇത് നിയമപരമായ അപകടകരമായ കീഴ്‍വഴക്കം സൃഷ്ടിക്കുമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു.

പാലക്കാട് നെന്മാറയിൽ മാധ്യമങ്ങളോട് പ്രതികരിച്ച ചെന്നിത്തല, ഈ തീരുമാനം മനുഷ്യത്വരഹിതമാണെന്നും, അതിന്റെ പിന്നിലുള്ള അജണ്ട ജനങ്ങൾക്ക് വ്യക്തമാക്കണമെന്നുമാണ് ആവശ്യമുന്നയിച്ചത്. “കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. സർക്കാർ ഇതിന് എന്തു ന്യായീകരണമാണ് നൽകാൻ പോകുന്നത്? കോടതി മൂന്നു ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതിയെ വെറുതെ വിടാൻ എന്താണ് കാരണം?” – അദ്ദേഹം ചോദിച്ചു. ചെന്നിത്തല സർക്കാരിനേയും മന്ത്രിസഭയേയും കടുത്ത ഭാഷയിൽ വിമർശിച്ചു. “എത്രയോ കൊലപാതകികൾ ജയിലിൽ കിടക്കുന്നുണ്ട്. അവർക്കെല്ലാം ഇളവ് നൽകാനാണ് സർക്കാരിന്റെ നീക്കം. ഇങ്ങനെ പോയാൽ നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെയും നാളെ വെറുതെ വിടുമല്ലോ?” – ചെന്നിത്തല വിമർശിച്ചു.

ഭാസ്ക്കര കാരണവർ വധക്കേസിലെ ഒന്നാം പ്രതിയായ ഷെറിന് ജയിൽ മോചനം അനുവദിക്കാൻ കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായിരുന്നു. സ്ത്രീയെന്ന പരിഗണനയും, 14 വർഷം ശിക്ഷ അനുഭവിച്ചെന്ന കാരണവും ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം.

2009 നവംബർ 7-നാണ് ചെറിയനാട് കാരണവേഴ്‌സ് വില്ലയിലെ ഭാസ്ക്കര കാരണവർ കൊല്ലപ്പെട്ടത്. ഷെറിന്റെ ആൺസുഹൃത്ത് ബാസിത് അലി, കൂട്ടാളികൾ നിഥിൻ, ഷാനു റഷീദ് എന്നിവരും കേസിൽ പ്രതികളാണ്. 2010 ജൂൺ 11-ന് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിക്കുകയായിരുന്നു. 2017 മാർച്ചുമുതൽ തിരുവനന്തപുരം വനിതാ ജയിലിലാണ് ഷെറിൻ തടവിൽ കഴിയുന്നത്.

സർക്കാർ ഈ വിഷയത്തിൽ ആരുടെ ശുപാർശയിൽ തീരുമാനമെടുത്തു? ഇതിന് പിന്നിൽ ഉന്നതനായ ഒരാൾ ഉണ്ടെങ്കിൽ അദ്ദേഹം ജനങ്ങൾക്കു മുന്നിൽ വരണമെന്നും, ഈ മോചന ശുപാർശ പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Send your news and Advertisements

You may also like

error: Content is protected !!