Saturday, November 29, 2025
Mantis Partners Sydney
Home » കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം
നരേന്ദ്ര മോദി

കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം

by Editor

ന്യൂഡല്‍ഹി: കാനഡയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് മോദിയെ ക്ഷണിച്ചത്. മാർക്ക് കാർണിയുടെ ക്ഷണം സ്വീകരിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന് നന്ദി അറിയിച്ചു. ജൂണ്‍ 15 മുതല്‍ 17 വരെയാണ് ജി 7 ഉച്ചകോടി തീരുമാനിച്ചിരിക്കുന്നത്. ‘എക്‌സി’ല്‍ പങ്കുവെച്ച പോസ്റ്റിലൂടെ മോദി തന്നെയാണ് കാര്‍നിയുടെ ക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്. കാനഡയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിക്ക് ആശംസകള്‍ പങ്കുവെച്ചതിനൊപ്പം ഉച്ചകോടിയില്‍ പങ്കെടുക്കുവാന്‍ താന്‍ സമ്മതം അറിയിച്ചതായും പ്രധാനമന്ത്രി മോദി പങ്കുവെച്ച പോസ്റ്റില്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

മികച്ച ജനാധിപത്യ രാഷ്ട്രങ്ങള്‍ എന്ന നിലയ്ക്ക്, പരസ്പര ബഹുമാനത്തിലും സഹകരണത്തിലും ഇന്ത്യയും കാനഡയും മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇന്ത്യയ്ക്കും കാനഡയ്ക്കുമിടയിൽ നയതന്ത്രബന്ധം വഷളായിരിക്കെ, ആതിഥേയരായ കാനഡ ഇന്ത്യയെ ക്ഷണിക്കുമോ എന്നതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇതിനിടെയാണ് മാർക്ക് കാർണിയുടെ ക്ഷണമെത്തിയിരിക്കുന്നത്. ഇന്ത്യ അംഗമല്ലെങ്കിലും 2019 മുതലുള്ള ഉച്ചകോടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണമുണ്ടായിരുന്നു. ഇന്ത്യ കൂടാതെ ഓസ്ട്രേലിയ, ബ്രസീല്‍, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, യുക്രൈന്‍ എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കെടുക്കും. ജി-7 അമ്പത് വര്‍ഷം തികച്ചു എന്നതും ഇത്തവണ നടക്കുന്ന ഉച്ചകോടിയെ പ്രത്യേകതയുള്ളതാക്കുന്നു.

കാനഡയുടെ 24-ാം പ്രധാനമന്ത്രിയായാണ് മാർക്ക് കാർണി അധികാരത്തിലേറിയത്. ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവർണറായി കാർണി പ്രവർത്തിച്ചിട്ടുണ്ട്. മുൻഗാമിയായ ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് വഷളായ ഇന്ത്യ-കാനഡ ബന്ധം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ തൻ്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് കാർണി അധികാരത്തിൽ എത്തിയപ്പോൾതന്നെ പറഞ്ഞിരുന്നു.

 

Send your news and Advertisements

You may also like

error: Content is protected !!