മോഹൻലാൽ–തരുൺ മൂർത്തി കൂട്ടുകെട്ടിലിറങ്ങിയ ‘തുടരും’ ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചു. നാനിയുടെ നൂറ് കോടി ചിത്രം ‘ഹിറ്റ് 3’, സൂര്യയുടെ ‘റെട്രോ’ എന്നിവ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. തമിഴ് സൂപ്പർഹിറ്റ് ‘ടൂറിസ്റ്റ് ഫാമിലി’ ജൂണ് 2 മുതൽ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചു.
തെലുങ്ക് സൂപ്പർതാരം നാനി നായകനായ മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് ‘ഹിറ്റ് 3’. മേയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. നൂറു കോടി ക്ലബ്ബിലേക്ക് എത്തിയ നാനിയുടെ മൂന്നാമത്തെ ചിത്രമാണ്. ഏറ്റവും വേഗത്തിൽ വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന നാനി ചിത്രം കൂടിയാണിത്. ശ്രീനിഥി ഷെട്ടി നായികാ വേഷം ചെയ്ത ചിത്രം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്.
ബോക്സ്ഓഫിസിൽ റെക്കോർഡുകൾ സൃഷ്ടിച്ച മോഹൻലാൽ–തരുൺ മൂർത്തി ചിത്രം ‘തുടരും’ മേയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചു. ഏപ്രിൽ 25-ന് തിയറ്റുകളിലെത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്.
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കിയ ചിത്രമാണ് ‘റെട്രോ’. മേയ് അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ബോക്സ്ഓഫിസിൽ നിന്നും നേടാനായത്. ‘കങ്കുവ’യുടെ ദയനീയമായ പരാജയത്തിനുശേഷം റിലീസിനെത്തുന്ന സൂര്യ ചിത്രം കൂടിയായിരുന്നു. പാരിവേൽ എന്ന ഗ്യാങ്സ്റ്ററായി സൂര്യ ചിത്രത്തിലെത്തുന്നു. രുക്മിണിയുടെ വേഷത്തിൽ പൂജ ഹെഗ്ഡെ കരിയറിലെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സൂര്യയുടെ അച്ഛനായി എത്തുന്നത് ജോജുവാണ്. തിലകൻ എന്ന ഗ്യാങ്സ്റ്ററുടെ വേഷത്തിൽ ജോജുവും തിളങ്ങുന്നു. സ്വാസികയാണ് സൂര്യയുടെ അമ്മ വേഷത്തിലെത്തുന്നത്. ചാപ്ലിൻ പ്യാരിവേൽ എന്ന മലയാളി ഡോക്ടടറായി ജയറാം തകർത്തഭിനയിച്ചു. നാസർ, സുജിത് ശങ്കർ, കരുണാകരൻ, സിങ്കംപുലി, വിധു, അവിനാശ്, തരക്, പ്രേം കുമാർ, ഉദയ് മഹേഷ്, രമ്യ സുരേഷ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. റെട്രോ മേയ് 30ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചു.
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 25കാരനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്യുന്ന കോമഡി ‘ടൂറിസ്റ്റ് ഫാമിലി’ ജൂൺ രണ്ട് മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെസ്ട്രീമിങ് ആരംഭിച്ചു. മേയ് ഒന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. 15 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ഇതിനോടകം 75 കോടിയാണ് നേടിയത്.
മെയ് മാസത്തിലെ മറ്റു ഒ റ്റി റ്റി റിലീസുകൾ.
ഗുഡ് ബാഗ് അഗ്ലി: മേയ് 8: നെറ്റ്ഫ്ലിക്സ്.
ഒഡെല 2: മേയ് 8: ആമസോൺ പ്രൈം.
ഔസേപ്പിന്റെ ഒസ്യത്ത്: മേയ് 1: ആമസോൺ പ്രൈം.
ബ്രോമാൻസ്: മേയ് 1: സോണി ലിവ്വ്.
സമാറ: മേയ് 1: മനോരമ മാക്സ്.
റോബിൻഹുഡ്: മേയ് 2: സീ ഫൈവ്.



