Tuesday, March 24, 2026
Home » ഐബി ഉദ്യോഗസ്ഥയുടെ മരണം; ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ ഹർജി തള്ളിയതിന് പിന്നാലെ പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി
ഐബി ഉദ്യോഗസ്ഥയുടെ മരണം; ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ ഹർജി തള്ളിയതിന് പിന്നാലെ പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി

ഐബി ഉദ്യോഗസ്ഥയുടെ മരണം; ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ ഹർജി തള്ളിയതിന് പിന്നാലെ പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി

by Editor
Send your news and Advertisements

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് പ്രതി കീഴടങ്ങിയത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ ഹർജി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങിയത്. അന്വേഷണം പൂർത്തിയാകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്.

കേസിൽ പുറത്ത് വന്ന തെളിവുകൾ ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഇനിയും നിരവധിയായ തെളിവുകൾ സുകാന്ത് സുരേഷിനെതിരെ പുറത്ത് വരേണ്ടതുണ്ട് എന്നും കോടതി നിരീക്ഷിച്ചു. സ്‌നേഹത്തിന്റെ പേരിൽ യുവതിയെ ചൂഷണം ചെയ്തെന്നും പ്രതി മാനസികവും ശാരീരികവും സാമ്പത്തികവുമായി ചൂഷണം ചെയ്തുവെന്നും ഹൈക്കോടതി പറഞ്ഞു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് വാട്‌സ് ആപ് ചാറ്റുകൾ തെളിവുണ്ടെന്ന് കോടതി പറഞ്ഞു.

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവിലായിരുന്നു പ്രതി. കേസ് ആദ്യം കോടതിയുടെ പരിഗണനയ്ക്ക് എത്തിയപ്പോൾ പ്രതിയായ സുകാന്ത് സുരേഷിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ഹൈക്കോടതി പൊലീസിനോട് ആരാഞ്ഞിരുന്നു. രണ്ട് മാസമായി അറസ്റ്റ് ചെയ്യാതിരുന്നതിന് വിശദീകരണം നല്‍കണമെന്നും പൊലീസിന് ഹൈക്കോടതി നിർദേശം നൽകി.

പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബലാത്സംഗ കുറ്റമാണ് സുകാന്ത് സുരേഷിനെതിരെ ചുമത്തിയത്. സുകാന്ത് യുവതിയോട് ആത്മഹത്യ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും മരിക്കുന്ന തീയതി ചോദിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്നും തെളിയിക്കുന്ന ചില ചാറ്റിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഫെബ്രുവരി 9ന് ടെലിഗ്രാമിലൂടെ ഇരുവരും നടത്തിയ ചാറ്റിന്റെ വിവരങ്ങളാണ് പൊലീസ് വീണ്ടെടുത്തത്. സുകാന്തിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം നിലനിൽക്കുമെന്നതിന്റെ തെളിവുകൂടിയാകുകയാണ് നിർണാകമായ ഈ ചാറ്റ് വിവരങ്ങൾ.

കഴിഞ്ഞ മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപമാണ് ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും മാനസികവും ശാരീരികവുമായി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതിൻ്റെ തെളിവുകള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞിരുന്നു.

You may also like

error: Content is protected !!