തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ സംസ്ഥാന പോലീസ് മേധാവിയുടെ ശുപാർശ. എഡിജിപി പി വിജയനെതിരെ വ്യാജമൊഴി നല്‍കിയതുമായി ബന്ധപ്പെട്ടാണ് എം ആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ ഡിജിപി ശുപാർശ ചെയ്തിരിക്കുന്നത്. വിജയന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നായിരുന്നു അജിത്കുമാറിന്‍റെ മൊഴി.
കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ പി.വിജയനു ബന്ധമുണ്ടെന്ന് എസ്.പി.സുജിത് ദാസ് പറഞ്ഞിരുന്നതായാണ് അജിത്കുമാറിന്റെ മൊഴി. മൊഴി പിന്നീട് സുജിത് ദാസ് നിഷേധിച്ചിരുന്നു. ഇതിനെതിരെ പി വിജയൻ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. അജിത് കുമാർ നൽകിയത് വ്യാജമൊഴിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് കേസെടുക്കാൻ ഡിജിപി ശുപാർശ നൽകിയിരിക്കുന്നത്. അജിത് കുമാറിനെതിരെ സിവിലായും ക്രിമിനലായും കേസെടുക്കാമെന്ന് ഡിജിപി നൽകിയ ശുപാർശയിൽ പറയുന്നു. അതേസമയം, ഡിജിപിയുടെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.