ടെഹ്റാന്: നാലുദിവസം മുന്‍പ് നിയമിതനായ ഇറാന്റെ പുതിയ സൈനിക കമാൻഡറെയും വധിച്ചതായി ഇസ്രയേല്‍. ടെഹ്റാനിൽ നടന്ന ആക്രമണത്തിലാണ് അലി ഷദ്മാനി കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഷദ്മാനി രാജ്യത്തെ ഏറ്റവും മുതിർന്ന സൈനിക കമാൻഡറാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇറാന്റെ ‘വാര് ടൈം ചീഫ് ഓഫ് സ്റ്റാഫ്’ ആയി ചുമതലയേറ്റെടുത്ത അലി ഷദ്മാനിയാണ് ഇറാന്റെ ആക്രമണപദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നതെന്നും യുദ്ധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നതെന്നും ഐഡിഎഫ് പറഞ്ഞു. കഴിഞ്ഞയാഴ്ച ഇസ്രയേൽ ഇറാനിൽ നടത്തിയ ആദ്യത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ട മേജർ ജനറൽ ഗൊലാം അലി റാഷിദിന്റെ പിന്മാഗിയായി ചുമതലയേറ്റതായിരുന്നു അലി ഷദ്മാനി.
ഇറാൻ ഇസ്രയേൽ സംഘർഷം തുടരുന്നതിനിടെ ഗാസയിൽ 56 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഭക്ഷണ വിതരണ മേഖലയിലുണ്ടായ വെടിവയ്പിലാണ് ആളുകൾ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഭക്ഷണത്തിനായി തിരക്ക് കൂട്ടിയ ആളുകളെ നിയന്ത്രിക്കാനായി ഇസ്രയേൽ പട്ടാളക്കാർ വെടിയുതിർത്തതായാണ് പുറത്ത് വരുന്ന വിവരം. എന്നാൽ വെടിവയ്പിനേക്കുറിച്ച് ഇസ്രയേൽ സൈന്യം പ്രതികരിച്ചിട്ടില്ല.
ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്നുള്ള സ്ഥിതിഗതികൾ കണക്കിലെടുത്ത് ജി-7 ഉച്ചകോടിയിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മടങ്ങി. ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിർത്തൽ സാധ്യത യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പരിഗണിക്കുന്നുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പറഞ്ഞു. ജി 7 ഉച്ചകോടിയിൽനിന്ന് ട്രംപ് നേരത്തെ പോയത് ഒരു പോസിറ്റീവ് കാര്യമാണെന്ന് മക്രോ വിശേഷിപ്പിച്ചു. ഇപ്പോൾ ചർച്ചകൾ പുനരാരംഭിക്കേണ്ടതുണ്ട്. ഇരു രാജ്യങ്ങളിലെയും സാധാരണക്കാരെ സംരക്ഷിക്കേണ്ടതുണ്ടെന്നു താൻ വിശ്വസിക്കുന്നുവെന്നും മക്രോ പറഞ്ഞു. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ഇസ്രയേലിന്റെ സുരക്ഷയ്ക്ക് എല്ലാ പിന്തുണയും ഉറപ്പുനൽകുന്നുവെന്നും ജി ഏഴ് ഉച്ചകോടയിൽ അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കി. ആണാവയുധം സ്വന്തമാക്കാൻ ഇറാന് ഒരിക്കലും കഴിയില്ലെന്ന് ഉറപ്പാണമെന്നും ജി ഏഴ് രാജ്യങ്ങള്‍ പ്രമേയത്തിൽ വ്യക്തമാക്കി.
അതേസമയം ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് അറബ് -ഇസ്ലാമിക രാഷ്ട്രങ്ങള്‍. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളടക്കം ഉള്‍പ്പെടുന്ന 20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടത്. സംഘര്‍ഷം അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ അറബ്-ഇസ്ലാമിക രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു. തുര്‍ക്കി, ജോര്‍ദാൻ, പാകിസ്ഥാൻ, ബഹറൈൻ, അൽജീരിയ, സുഡാൻ, സോമാലിയ, ഇറാഖ്, ലിബിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളടക്കം കൂട്ടായ്മയിലുണ്ട്. ആക്രമണം രൂക്ഷമാകുന്നതില്‍ കൂട്ടായ്മ ആശങ്ക രേഖപ്പെടുത്തി.