നിലമ്പൂർ: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സൈബറിടത്തെ താരം പുതുപള്ളി എംഎല്‍എ ചാണ്ടി ഉമ്മനാണ്. നിലമ്പൂർ നിയോജക മണ്ഡലത്തിലെ എടക്കര പഞ്ചായത്തിൻ്റെ പ്രചാരണ ചുമതലയാണ് പാർട്ടി യുവ എംഎൽഎ ചാണ്ടി ഉമ്മനെ ഏൽപ്പിച്ചത്. സാധാരണക്കാരായ വോട്ടർമാരോട് നേരിട്ട് സംവദിക്കാൻ ഭവന സന്ദർശനമാണ് ചാണ്ടി ഉമ്മൻ തിരഞ്ഞെടുത്തത്. മൂവായിരത്തോളം വീടുകളിലാണ് ചാണ്ടി ഉമ്മൻ നേരിട്ട് ചെന്ന് വോട്ടഭ്യർത്ഥിച്ചത്. ‘ആര്യാടൻ ഷൗക്കത്തിന് വോട്ട് ചെയ്യണം… കൈപ്പത്തിയാണ് ചിഹ്നം’ – ഇതാണ് അദേഹം വീടുകളിലെത്തി വോട്ടർമാരോട് പറഞ്ഞത്.
ഷൗക്കത്തിന്റെ ഈ വിജയത്തിൽ ചാണ്ടി ഉമ്മൻ്റെ വീടുകൾ കയറിയുള്ള ക്യാൻവാസിന് ചെറുതല്ലാത്തൊരു പങ്ക് അവകാശപ്പെടാനുണ്ട്. കാരണം പ്രധാന എതിരാളിയായ എം. സ്വരാജിൻ്റെ ജന്മനാടായ എടക്കരയിൽ യുഡിഎഫ് ലീഡുയർത്തി. എടക്കര പഞ്ചായത്തിൻ്റെ മുക്കും മൂലയും ചാണ്ടി ഉമ്മൻ നടന്നു കയറി. പിതാവ് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്നു ആര്യാടൻ മുഹമ്മദ്. പിതാവിൻ്റെ പ്രിയ സുഹൃത്തിൻ്റെ മകൻ മത്സരിക്കുമ്പോൾ പ്രചാരണത്തിന് ഇറങ്ങുന്നത് ഒരു കടം വീട്ടൽ കൂടിയാകാം. ഉമ്മൻ ചാണ്ടിയുടെ പ്രിയ ശിഷ്യൻ അന്തരിച്ച കോൺഗ്രസ് നേതാവ് വി.പി പ്രകാശിന്റെ നാടാണ് എടക്കര എന്ന പ്രത്യേകതയും ഉണ്ട്.
കോളിങ് ബെല്ലടി കേട്ട് വാതിൽ തുറന്ന് നോക്കിയപ്പോൾ പല വീട്ടമ്മാരും ചാണ്ടി ഉമ്മനെ കണ്ട് ഞെട്ടി. ചിലർക്ക് ഉമ്മൻ ചാണ്ടിയുടെ മകനെ നേരിട്ട് കണ്ടതിൻ്റെ സന്തോഷം. മറ്റു ചിലർക്ക് ചാനലിൽ മാത്രം കണ്ടു പരിചയമുള്ളയാൾ നേരിട്ട് മുന്നിലെത്തിയതിൻ്റെ അത്ഭുതം. ഉമ്മൻ ചാണ്ടിയുടെ മകനാണെന്ന പരിചയപ്പെടുത്തൽ കൂടിയായതോടെ പ്രായം ചെന്ന പലരും ചാണ്ടി ഉമ്മനെ കെട്ടിപ്പിടിച്ച് അനുഗ്രഹിക്കുന്നു. ചിലർ നിലമ്പൂരിൽ സ്ഥാനാർത്ഥിയാകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നു.
രാവിലെ ഏഴിന് ആരംഭിക്കുന്ന ഭവന സന്ദർശനം രാത്രി വൈകുവോളം നീണ്ടു. 15 ദിവസത്തോളമാണ് ചാണ്ടി ഉമ്മൻ ഇപ്രകാരം എടക്കര ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ചത്. ഒരു ദിവസം 355 വീടുകൾ കയറിയതാണ് നിലമ്പൂർ പ്രചാരണ വേളയിലെ ചാണ്ടി ഉമ്മൻ്റെ റെക്കോർഡ്. പ്രധാന ശ്രദ്ധാ കേന്ദ്രം എടക്കര ആയിരുന്നെങ്കിലും എടക്കരക്ക് പുറമെ മൂത്തേടം, നിലമ്പൂർ, അമരമ്പലം തുടങ്ങിയ ഇടങ്ങളിലും ചാണ്ടി ഉമ്മൻ എത്തിയിരുന്നു. ചാണ്ടി ഉമ്മൻ്റെ ചിട്ടയായ പ്രവർത്തനത്തിന് പാർട്ടി നേതൃത്വത്തിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ഷൗക്കത്തിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയ പഞ്ചായത്തും എടക്കരയാണ്.
ഭവന സന്ദർശനം ചാണ്ടി ഉമ്മൻ്റെ പ്രവർത്തന ശൈലിയാണ്. പുതുപ്പള്ളി തിരഞ്ഞെടുപ്പിലും അദ്ദേഹം ഗൃഹ സന്ദർശനത്തിനാണ് പ്രധാന്യം കൊടുത്തത്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലുടനീളം നടന്നതും ഗൃഹ സന്ദർശനത്തിൻ്റെ വേഗതയെ സഹായിച്ചു. കൂടെയുള്ളവർ പലപ്പോഴും ഒപ്പമെത്താൻ നന്നേ കഷ്‌ടപ്പെട്ടു.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ മത്സരിച്ചപ്പോൾ തനിക്ക് റോൾ ഒന്നും നൽകിയില്ലെന്ന് തുറന്ന് പറഞ്ഞ് ഭിന്നത പരസ്യമാക്കിയ ചാണ്ടി ഉമ്മനെയല്ല നിലമ്പൂരിൽ കണ്ടത്. കുടിയേറ്റക്കാർ നിർണായക വോട്ടു ബാങ്കാണ് നിലമ്പൂരിൽ. പ്രത്യേകിച്ച് കോട്ടയമടക്കം മധ്യ കേരളത്തിൽ നിന്ന് കുടിയേറിയ എണ്ണായിരത്തോളം വോട്ടുണ്ടെന്നാണ് കണക്ക്. ബിജെപി ക്രിസ്ത്യൻ സ്ഥാനാർഥിയെ പരീക്ഷിക്കുക കൂടി ചെയ്‌തതോടെ ഉമ്മൻ ചാണ്ടിയുടെ സ്‌മരണകൾ കൂടി ഉണർത്തി വോട്ടുറപ്പിക്കാനാണ് ചാണ്ടി ഉമ്മന് നിലമ്പൂരിൽ നിർണായക റോൾ നൽകിയത്.
തിരഞ്ഞെടുപ്പിൽ റീൽസ് താരങ്ങളും സോഷ്യൽ മീഡിയ താരങ്ങളും നിറയുമ്പോൾ വേറിട്ട പാതയിലാണ് ചാണ്ടി ഉമ്മന്റെ നടത്തം. പിതാവ് ഉമ്മൻ ചാണ്ടിയെ പോലെ നേരിട്ട് ജനങ്ങളുമായി സംവദിക്കുന്ന ശൈലി. അത് വോട്ടായി മാറ്റാനും കഴിയുമെന്ന് എടക്കര തെളിയിച്ചു.