കൊച്ചി: കൊച്ചിയിലെ വീട്ടിൽനിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞെന്നാരോപിച്ച് 25,000 രൂപ പിഴ ചുമത്തിയതിനെക്കുറിച്ച് ഗായകൻ എംജി ശ്രീകുമാർ പ്രതികരിച്ചു. വലിച്ചെറിഞ്ഞത് മാലിന്യമല്ല, മാങ്ങയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വീട്ടുജോലിക്കാരി അണ്ണാൻ കടിച്ച മാങ്ങയും മാങ്ങാണ്ടിയും പേപ്പറിൽ പൊതിഞ്ഞ് കായലിൽ എറിഞ്ഞതാണെന്നും, ചെയ്തത് തെറ്റായതിനാൽ ഉത്തരവാദിത്വം ഏറ്റെടുത്ത് പിഴത്തുക അടച്ചതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരത്തേക്ക് റെക്കോഡിങ്ങിനായി പോയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ച് വീട് ഇൻസ്പെക്ട് ചെയ്യാൻ ഒരുകൂട്ടർ വരുമെന്ന് അറിയിച്ചത്. അത്തരം സന്ദർശനം സാധാരണ സംഭവിക്കുന്നതല്ല. വീട്ടിൽ സാധാരണ 10 ദിവസത്തിൽ അധികം താൻ ഉണ്ടാകാറില്ല. മിക്കവാറും ഷൂട്ടിംഗിലോ ഗാനമേളയിലോ ആയിരിക്കും. വീട്ടിൽ വലിയ അളവിൽ മാലിന്യമൊന്നുമില്ല, എന്നാൽ മാവിൽ നിന്ന് മാങ്ങകൾ വെള്ളത്തിലേക്കും പുരയിടത്തിലേക്കും വീഴാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വീട്ടിൽ തിരിച്ചെത്തിയപ്പോൾ, മാലിന്യം ഒഴുക്കിയതിന് 25,000 രൂപ പിഴ ചുമത്തിയതായി പേപ്പർ പതിച്ചിരിക്കുന്നതായി കണ്ടു. ഇതിനെതിരെ ഉദ്യോഗസ്ഥരോട് തർക്കിക്കാൻ താൽപ്പര്യം കാണിച്ചില്ല. ജോലിക്കാരി അറിയാതെ ചെയ്തതുകൊണ്ടാണ് സംഭവമുണ്ടായത്. തന്റെ വീടായതിനാൽ ഉത്തരവാദിത്വം ഏറ്റെടുത്ത് പിഴ അടച്ചതാണെന്നും എംജി ശ്രീകുമാർ വ്യക്തമാക്കി.
ഒരു മാങ്ങയ്ക്കും മാങ്ങാണ്ടിക്കും 25,000 രൂപ പിഴ ചുമത്തിയത് ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കുമെന്ന് എംജി ശ്രീകുമാർ പരിഹാസത്തോടെ കൂട്ടിച്ചേർത്തു. വെറുമൊരു മാങ്ങാണ്ടിക്ക് ഇത്രയും പിഴ ചുമത്തിയപ്പോൾ, ടൺ കണക്കിന് മാലിന്യങ്ങൾ കൊച്ചിയിൽ ഒഴുക്കുന്ന സ്ഥാപനങ്ങളെ എന്തുകൊണ്ടാണ് അധികൃതർ നോക്കിക്കാണാത്തതെന്ന് അദ്ദേഹം ചോദിച്ചു.
മുളവുകാട് പഞ്ചായത്ത് അധികൃതരാണ് എംജി ശ്രീകുമാറിന് 25,000 രൂപ പിഴ ചുമത്തിയത്. കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യങ്ങൾ പകർത്തിയ വിനോദസഞ്ചാരി തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷിനെ ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്താൻ തദ്ദേശ വകുപ്പ് പഞ്ചായത്തിന് നിർദേശം നൽകുകയായിരുന്നു.
കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു, എം.ജി ശ്രീകുമാര്‍ കാല്‍ ലക്ഷം രൂപ പിഴയൊടുക്കി.