Saturday, April 12, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ലോകമെങ്ങും പറന്നുയരുന്ന വിദ്യാർത്ഥികൾ
ലോകമെങ്ങും പറന്നുയരുന്ന വിദ്യാർത്ഥികൾ

ലോകമെങ്ങും പറന്നുയരുന്ന വിദ്യാർത്ഥികൾ

by Editor
Mind Solutions

സൂര്യന്റെ രഥചക്രച്ചാലുകൾ സഞ്ചരിച്ചിട്ടുള്ള എല്ലാം ജനതയ്ക്കും ചരിത്രപരമായ, സമ്പന്നമായ, ആർ ജ്ജവത്തായ ഒരു സാംസ്‌കാരിക ചരിത്രമുണ്ട്. അത് ജ്ഞാനം, ഭക്തി, വിവേകം, അനുഭവത്തിലൂടെ നേടിയ സൗഭാഗ്യങ്ങളാണ്. അതിൽ മനം കുളിർത്തു് ജീവിക്കുന്ന മലയാളികൾ ഇന്ന് ലോകമെങ്ങുമുണ്ട്. അവർ കേരളത്തിലെ കലാലയങ്ങളിൽ നിന്ന് പഠിച്ചുപോയവരാണ്. ഇന്ന് നമ്മുടെ വിദ്യാഭ്യാസ രംഗം ആ അന്തസ്സിനെ ഉയർത്തിപ്പിടിക്കാനാകാതെ നമ്മുടെ കുട്ടികൾ പ്രപഞ്ചത്തിലെങ്ങോ ചിതറികൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ ഉന്നത വിഹായസ്സിലേക്ക് ഉയർന്നു് പറക്കേണ്ട, മുത്തുമണികളായി വിടരേണ്ട ഇളംതളിരുകൾ തളിർക്കുന്നില്ല, വിരിയുന്നില്ല. ആധുനിക ലോകത്തിൻ്റെ നൂതന മേഖലകളിലേക്ക് കടന്നുവരേണ്ട കുട്ടികൾ മത രാഷ്ട്രീയക്കാരുടെ തങ്കവിഗ്രഹങ്ങളായി, നിസ്വാർത്ഥ സേവനം എന്തെന്നറിയാത്തവരായി, ദീർഘവീക്ഷണമില്ലാത്തവരായി മാറി ക്കൊണ്ടിരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ രംഗം താറുമാറാകുന്നതിൻ്റെ ഒടുവിലത്തെ തെളിവാണ് കോട്ടയം ഗവണ്മെന്റ്റ് നഴ്‌സിംഗ് കോളേജിൽ വിദ്യാർത്ഥികളെ കെട്ടിയിട്ട് പീഡിപ്പിക്കുന്ന അമ്പരിപ്പിക്കുന്ന പൈശാചിക റാഗിംഗ്. കാട്ടാളന്മാർപോലും കാട്ടാത്ത വിധം ജനനേന്ദ്രിയമടക്കമാണ് തകർത്തത്. വാവിട്ടു കരയുന്നവരുടെ പ്രാണവേദന ഹോസ്റ്റൽ വാർഡൻ പോലുമറിഞ്ഞില്ല. ഗുണ്ടാ നേതാക്കന്മാർക്ക് കൊടുക്കുന്നതുപോലെ ജൂനിയർ കുട്ടികൾ സീനിയർ കുട്ടികൾക്ക് മദ്യപിക്കാൻ ഓരോ ആഴ്‌ചയും 800 രൂപ കൊടുക്കണം ഇല്ലെങ്കിൽ ഇതുപോലുള്ള ക്രൂരകൃത്യങ്ങൾക്ക് ഇരയാക്കും. രോഗികളെ പരിചരിക്കുന്ന നഴ്‌സസിനെ കണ്ടിട്ടുള്ളത് സ്നേഹം, ക്ഷമ, കരുണയാണ്. ഇത് ലോകത്തുള്ള എല്ലാം നഴ്‌സസിനും അപമാനമാണുണ്ടാക്കിയത്. ഇതിൽ പങ്കാളികളായ വിദ്യാർത്ഥി നേതാക്കളെ മാതൃകാപരമായി ശിക്ഷിക്കുമോ?

ഭാവിയിൽ രോഗികൾക്ക് ശിശ്രൂഷ നൽകേണ്ട നേഴ്സ്‌സ് മദ്യത്തിൻ്റെ, മയക്കു മരുന്നിന്റെ അടിമകൾ മാത്രമല്ല ഗുണ്ടാപ്പിരിവും തുടങ്ങിയിരിക്കുന്നു. കുട്ടി നേതാവുപോലും മറ്റുള്ളവരുടെ പോക്കറ്റിലിരിക്കുന്ന കാശ് അടിച്ചുമാറ്റി ആഡംബരത്തോടെ എങ്ങനെ ധൂർത്തടിച്ചു് ജീവിക്കാമെന്ന ചിന്തയാണ്. നമ്മുടെ വിദ്യാഭ്യാസ രംഗം താറുമാറാകുന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് ആരെയും ഞെട്ടിക്കുന്ന കോട്ടയം ഗവണ്മെന്റ് നഴ്‌സിംഗ് കോളേജിൽ കണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആസ്വദിക്കാൻ ലഹരി, കഞ്ചാവ്, മയക്ക് മരുന്ന് തുടങ്ങിയവ സുലഭമായി ലഭിക്കുന്നു. കുട്ടികൾ കേരളത്തിൽ നിന്ന് രക്ഷപ്പെടുന്നതിൻ്റെ പ്രധാന കാരണം ഇതുപോലുള്ള കണ്ടുപിടിത്തങ്ങളാണ്. ഒരു പറ്റം തെമ്മാടികളും കോമാളികളും നമ്മുടെ വിദ്യാഭ്യാസ രംഗത്തെ സെമിത്തേരിയിലെ ശ്‌മശാന ശിലകളാക്കി മാറ്റികൊണ്ടിരിക്കുന്നു. റാഗിംഗ്, ലഹരി വിരുദ്ധ ക്ലാസ്സുകൾക്ക് നേതൃത്വം കൊടുക്കുന്നവർ തന്നെ പ്രതികളായി വരുന്നത് എന്തൊരു വിരോധാഭാസം? നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരത്തിലുള്ള ക്രിമിനലുകളെ തീറ്റിപ്പോറ്റുന്നത് ആരാണ്?

വിദേശ രാജ്യങ്ങളിൽ കുട്ടികൾ സ്‌കൂൾ, കോളേജിൽ പോകുന്നത് പഠിക്കാനാണ്. അല്ലാതെ ജാതി മത രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കാനല്ല. എന്തുകൊണ്ടെന്നാൽ അവിടെ പഠിക്കുന്ന കുട്ടികൾക്ക് മാനസിക ഹൃദയവ്യഥകൾ ഇല്ല. അവിടെ തുറക്കുന്നത് പുസ്‌തകത്താളുകളാണ്. അവർക്ക് ലഭിക്കുന്ന അറിവുകൾ, ചിന്തകൾ കളങ്കമറ്റ തലച്ചോറിലേക്ക് ചിറകുവയ്ക്കുന്നു. അവരുടെ നിഷ്‌കളങ്ക മനസ്സിൽ ഇടുങ്ങിയ പിൻവാതിൽ നിയമനം കിട്ടുമെന്നുള്ള പ്രതീക്ഷയില്ല.

കക്ഷി രാഷ്ട്രീയം നോക്കാതെ പൂക്കാട്, കോട്ടയം നഴ്‌സിംഗ് കോളേജിൽ നടന്നതുപോലെ ഇങ്ങനെ സഹജീവികളെ ആക്രമിക്കുന്ന വേട്ട നായ്ക്കളെ ലഹരിക്കടിമയാക്കുന്ന സംഘടനാ- രാഷ്ട്രീയ അര ഭ്രാന്ത ന്മാരെ ഇരുമ്പഴിക്കുള്ളിലാക്കിയിരുന്നെങ്കിൽ അധ്യാപകർക്കോ രക്ഷിതാക്കൾക്കോ ദുഃഖിക്കേണ്ടിവരില്ലായി രുന്നു. ഈ കുട്ടികൾ ആരുടെ അഞ്ജയനുസരിച്ചാണ് ഈ വിഡ്ഢിവേഷങ്ങൾ കെട്ടുന്നത്?

കേരളത്തിൽ വിദ്യാലയങ്ങൾക്കും പാഠപുസ്‌തകങ്ങൾക്കും യാതൊരു പഞ്ഞവുമില്ല. കേരളത്തിലെ വിദ്യാഭ്യാസ രംഗം ഭൗതികമായി വാണിജ്യവൽക്കരിക്കപ്പെടുമ്പോൾ അറിവിൻ്റെ ഗുണനിലവാരം കുറയുന്നു, കേരളത്തിന് പുറത്തുള്ള കുട്ടികൾക്കൊപ്പമെത്താൻ നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നില്ല, നിരന്തരമുണ്ടാകുന്ന രാഷ്ട്രീയ യൂണിയനുകളുടെ സംഘർഷങ്ങൾ കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ പഠിക്കാനുള്ള അവസരം നഷ്ടപ്പെടുന്നു. ഇങ്ങനെ പ്രളയത്തിന് നടുവിലാണ് നമ്മുടെ കുട്ടികൾ പഠിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.എം.എ. ബേബിക്ക് ശേഷം വിദ്യാഭ്യാസ മൂല്യ തകർച്ച പാഠപുസ്‌തക ഉള്ളടക്കംപോലെ വിശദമായി പരിശോധിക്കപ്പെടണം ഇല്ലെങ്കിൽ പൊങ്ങച്ചം പറയുന്ന ഉന്നത വിദ്യാഭ്യാസത്തിന് കടലാസിൻ്റെ വിലമത്രമേയുണ്ടാകു എന്നത് മറക്കരുത്. ഈ കൂട്ടരുടെ മക്കൾ പഠിക്കുന്നത് വിദേശത്തോ അല്ലെങ്കിൽ അച്ചടക്കമുള്ള ആധുനിക ലോകത്തെ ഏതെങ്കിലും വിദ്യാലത്തിലായിരിക്കും. കേരളത്തിന് പുറത്തേക്ക് കുട്ടികൾ പഠിക്കാൻ പോകുന്നതെന്തെന്ന് പൊതുവിദ്യാഭ്യാസ രംഗത്തെ താറുമാറാക്കുന്നവർ ചിന്തിച്ചിട്ടുണ്ടോ?

ഒരു തലമുറയെ നശിപ്പിക്കുന്ന വിദ്യാഭ്യാസ അധികൃതർ, പ്രാകൃത സ്വഭാവമുള്ള രാഷ്ട്രീയ വിദ്യാർത്ഥികൾ, അവർക്ക് ഒത്താശ ചെയ്യുന്ന മൗനം പാലിക്കുന്ന അധ്യാപക സംഘടനകൾ, സർവ്വീസ് സംഘടനകൾ, ഇവർക്ക് ഒത്താശ ചെയ്യുന്ന നേതാക്കന്മാരാണ് ഓരോ ആക്രമപ്രീണന സംഭവങ്ങളിലെ ആദ്യ പ്രതികൾ. ജനരോഷം പ്രകമ്പനം കൊള്ളുമ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഒരു സസ്പെൻഷൻ നടത്തും. മൂന്നോ ആറോ മാസം കഴിയുമ്പോൾ അവർ ഒരു കേടുപാടും കൂടാതെ ജോലിയിൽ പ്രവേശിക്കുന്ന കാഴ്‌ചയാണ് പോലീസ് വകുപ്പടക്കം നമ്മൾ കണ്ടിട്ടുള്ളത്. ഇവർക്കെതിരെ ഒരു നിയമനടപടികളും നടക്കാറില്ല. അതിന്റെ കാരണം ഇവരൊക്കെ പിൻവാതിൽ നിയമനത്തിലൂടെ കടന്നു വന്ന സാമൂഹ്യവിരുദ്ധ സേവകരാണ്. പിൻവാതിൽ നിയമനത്തിന് ഒരു പാർട്ടിയും പിന്നിലല്ല. ഇവർക്ക് കുട്ടികളുടെ ഭാവിയെപ്പറ്റി ഒരു ചിന്തയുമില്ല. ഇവർക്ക് ശമ്പളം കൊടുക്കുന്ന ജനത്തോടല്ല ആദരവ് അവർക്ക് നിയമനം കൊടുത്തവരോടാണ്. ഇത് വെളിപ്പെടുത്തുന്നത് അധികാരത്തിൻ്റെ അരാജകത്വമാണ്. ഇതുപോലുള്ള നെറികേടുകളും നേരറിവുകളും അധിനിവേശ സംസ്കാരവും പാശ്ചാത്യ രാജ്യങ്ങളിൽ അനുവദിക്കാറില്ല. അപക്വ മനസുകളിൽ കുടിയേറിപ്പർത്തിരിക്കുന്ന ഇത്തരം കപട സംസ്‌കാരം ആരുടെ സൃഷ്ടിയാണ്?

കോട്ടയത്ത് നടന്ന റാഗിംഗ് കഴിഞ്ഞ നവംബർ മാസത്തിലാണ്. ഇന്നുവരെ അവിടെ നടന്ന കൊടുംപീഡനം ഹോസ്റ്റൽ വാർഡൻ, പ്രിൻസിപ്പൽ, അധ്യാപകർ അറിഞ്ഞില്ലെന്ന് ആർക്കാണ് വിശ്വസിക്കാൻ കഴിയുക. പൂക്കോട് വെറ്റനറി കോളേജിൽ നടന്ന പീഡനമരണം ആരും മറന്നിട്ടില്ല. പുറത്തുവരുന്നത് ചുരുക്കം. എത്രയോ മറ്റുള്ളവരറിയാതെ ഒളിത്താവളങ്ങളിൽ ഉല്ലസിക്കുന്നു. രാഷ്ട്രീയ ഗുണ്ടകളുള്ള വിദ്യാസ്ഥാപനങ്ങളിൽ കുട്ടികൾ ഭയത്തോടെയാണ് കഴിയുന്നത്. അവരുടെ നാവ് ഉയരുന്നില്ല. നെഞ്ചിലെരിയുന്ന തീയുമായി അവർ ദിനങ്ങൾ തള്ളിവിടുന്നു. ഇവർ പഠിക്കുന്ന വിദ്യാലയങ്ങളിൽ ഈ അന്ധകാര അധികാര വർഗ്ഗത്തിനെതിരെ ആഞ്ഞടിക്കാൻ കാവ്യബോധമുള്ള ഒരു പ്രതിഭയുമില്ലേ? ഈ ചെയ്‌തികളെ തമസ്‌കരിക്കുന്ന ഇന്നത്തെ പ്രതിഭ നാളെ ഏതെങ്കിലും കൊടിയുടെ നിറത്തിൽ എഴുത്തുകാരനായി, പുരസ്‌കാരങ്ങളുമായി കടന്നുവരുമ്പോൾ പ്രബുദ്ധ കേരളം മുത്തം കൊടുത്തു് ഓമനിക്കുന്നത് കാണാം. ഈ താന്തോന്നികൾക്ക് വളമായി, ക്യാമ്പസ് ഹീറോകളായി അഴിഞ്ഞാടാൻ രാഷ്ട്രീയത്തിലെ ചേട്ടൻ്റനുജൻ കോന്തക്കുറുപ്പായി വാഴാനുള്ള ധൈര്യം എവി ടുന്ന് കിട്ടുന്നു?

കേരളത്തിലെ കഞ്ചാവ്- സ്വർണ്ണക്കടത്തു്- അഴിമതി മാഫിയ നേതാക്കന്മാരെ, ഉദ്യോഗസ്ഥന്മാരെ വെറുപ്പോടെ കാണാനോ തുറുങ്കിലടയ്ക്കാനോ ഇന്നുവരെ നമ്മുടെ ഭരണകൂടങ്ങൾക്ക് സാധിച്ചിട്ടില്ല. എല്ലാം പരസ്‌പര സഘകരണ സംഘങ്ങളാണ്. ഈ അധികാര കൂട്ടുകെട്ടിൽ നെയ്‌തുണ്ടാക്കിയ ചിലന്തി വലകൾക്കു ള്ളിൽ പാവം കുട്ടികൾ കുരുങ്ങി അവരുടെ ജീവിതം തകർന്നടിയുന്നു. ഇപ്പോൾ അധികാരത്തിലെത്തിയ അമേരിക്കൻ പ്രസിഡൻ്റ് കഞ്ചാവും മയക്കുമരുന്നും വിറ്റ് സമ്പന്നരാകുന്ന ചൈന, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുടെ കഴുത്തിൽ പിടിമുറുക്കിയപ്പോൾ അവരുടെ ശ്വാസം നിന്നതുപോലെയായി. അതിന് രാജ്യ സ്‌നഹികളായ ഭരണാധിപന്മാർ ജനിക്കണം. അവർ ജനത്തെ നയിക്കണം. പ്രസംഗത്തിൽ പ്രവാചകന്മാരാ യിട്ടുള്ള സ്വാർത്ഥന്മാർ ഭരിക്കുന്നിടം മറ്റുള്ളവരുടെ പുരോഗതി ആഗ്രഹിക്കാത്തവരാണ്. ഈ അന്ധകാര ശക്തികൾക്കതിരേ രക്ഷിതാക്കളും കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവരുമാണ് രംഗത്ത് വരേണ്ടത്. ഇതിൽ പലതും നിയമംമൂലം സർക്കാർ നിരോധിച്ചിട്ടുണ്ടെങ്കിലും അവരുടെ ആശീർവാദത്തോടെയല്ലേ നമ്മുടെ നാട്ടിൽ വിറ്റഴിയുന്നത്. പാരകൊണ്ട് തലയിലെഴുത്തു് നടത്തിയ ഈ മന്ദബുദ്ധികൾ അറിവിലൂടെ അധികാരം നേടാൻ പഠിച്ചിട്ടില്ല അതിലുപരി അക്രമ ആയുധത്തിലൂടെ മറ്റുള്ളവരെ ഭയപ്പെടുത്തുന്നു. മതഭ്രാന്തന്മാരെപോലെ രാഷ്ട്രീയ തിമിരം ബാധിച്ച കുട്ടികൾ പേപ്പട്ടികളെപോലെ നിരപരാധികളായ കുട്ടികളെ കടിച്ചുകീറുന്നു.

അനന്തവും ശാശ്വതവുമായ ആത്മീയ സംസ്‌കാരത്തിൻ്റെ ഔന്നിത്യം അനുഗ്രഹം എന്തെന്നറിയാതെ ഭൗതിക നേട്ടങ്ങളെ ചുംബിച്ചു് ജീവിക്കുന്ന ഇന്ത്യയടക്കം പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള മത വർഗ്ഗീയത പഠിച്ചുവളർന്ന കുട്ടികളടക്കമുള്ള അഭയാർത്ഥികളെ അമേരിക്കയടക്കം പല പാശ്ചാത്യ രാജ്യങ്ങളും നാട് കടത്തുന്നു. കുട്ടികൾ പഠിച്ചുവളരേണ്ടത് ആത്മീയതയും മതഭൗതികതയും തമ്മിലുള്ള അടിസ്ഥാനപരമായ ജ്ഞാനത്തിലാണ്. പാശ്ചാത്യ ക്രിസ്‌തിയാനികളിൽ നല്ലൊരു വിഭാഗം ദേവാലങ്ങളിൽ പോകുന്നവരല്ലെങ്കിലും അവരിൽ ക്രിസ്തുവിൻ്റെ സ്നേഹം, സമാധാനം ജീവിക്കുന്നു. അതാണല്ലോ വീടും കൂടുമില്ലാതെ വിശന്നു വലഞ്ഞു് വന്ന അഭയാർത്ഥികളെ അതിഥികളായി സ്വീകരിച്ചത്. അവർ പാശ്ചാത്യരുടെ സംസ്‌കാരത്തിൽ കടന്ന് മതസ്‌പർദ്ധ വളർത്താൻ ശ്രമിച്ചപ്പോൾ അവർക്കറിയാം ഏത് രാജ്യത്തു് കടിഞ്ഞാണില്ലാത്ത കുതിരയെപോലെ ജീവിച്ചു വന്നുവോ അവിടെ കൊണ്ടുപോയി കെട്ടാൻ. പലരിലും കാണുന്നത് സ്നേഹമോ വിനയമോ അല്ല അതിലുപരി അഹന്ത, അഹംങ്കാരം, വെറുപ്പ്, വർഗ്ഗിയത കാടുപോലെ വളരുന്നതാണ്. പാശ്ചാത്യരുടെ ഈ മാനവിക സംസ്‌കാരവും നാട് കടത്തലും മറ്റും നവോദ്ധാന – പ്രബുദ്ധ – ദൈവത്തിൻ്റെ നാട്ടിലുള്ളവർക്കുള്ള ഒരു മുന്നറിയിപ്പുകൂടിയാണ്. ചെറുപ്പം മുതൽ കുട്ടികളിൽ അരാഷ്ട്രീയവും അന്ധവിശ്വാസങ്ങളും വളർത്തിയാൽ അത് പിടിച്ചുവലിച്ചു് കുപ്പായമിടുന്നതിന് തുല്യമാണ്. യഥാർത്ഥ ഈശ്വര ഭക്തർ, വിവേകികൾ അത് വലിച്ചുകീറി എറിയുക തന്നെ ചെയ്യും. മനുഷ്യൻ്റെ തലച്ചോർ നവീകരിക്കേണ്ട എഴുത്തുകാരൻപോലും ആർദ്രമായ ഒരു എത്തിനോട്ടമോ, ഉയർത്തെഴുന്നേൽപ്പോ നടത്തുന്നില്ല. കുട്ടികളെ ജീർണ്ണമായ മതിൽകെട്ടിനുള്ളിൽ തളച്ചിട്ടാൽ ദുഷ്ടസന്തതികളായി വളരുമെന്നുള്ളത് മറക്കരുത്.

കാരൂർ സോമൻ (ചാരുംമൂടൻ)

Top Selling AD Space

You may also like

error: Content is protected !!