വാഷിങ്ടൺ: ആണവ പദ്ധതി സംബന്ധിച്ച് യു എസുമായി ഒരു കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ ബോംബാക്രമണം നടത്തുമെന്നും ഇരട്ട തീരുവയും ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. എൻബിസി ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞയാഴ്ച അമേരിക്കയുമായുളള നേരിട്ടുള്ള ചർച്ചകൾ ഇറാൻ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചയ്ക്കില്ലെന്ന് തന്നെയാണ് ഇറാന്റെ നിലപാട്.
ഇറാൻ ആണവ പദ്ധതി ഉപേക്ഷിക്കണമെന്ന് അധികാരമേറ്റെടുത്തപ്പോൾ മുതൽ ട്രംപ് ആവശ്യപ്പെടുന്നതാണ്. വിവിധ പ്രതിരോധ ഗ്രൂപ്പുകളുമായുള്ള ബന്ധം ഇറാൻ വിച്ഛേദിക്കുകയും മിസൈൽ, ഡ്രോണുകൾ എന്നിവയുടെ ശേഷി പരിമിതപ്പെടുത്തുകയും ചെയ്യണമെന്ന് ട്രംപ് പറഞ്ഞു. നേരിട്ടു ചർച്ച നടത്താമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിക്കു കത്തയച്ചിരുന്നു. എന്നാൽ യുഎസുമായി നേരിട്ടു ചർച്ചയ്ക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ആണവ വിഷയത്തിൽ കരാറിലെത്താൻ ഇറാന് രണ്ടു മാസത്തെ സമയപരിധിയാണ് ട്രംപ് നൽകിയിരിക്കുന്നത്.
അതേസമയം ഭീഷണിക്ക് മറുപടിയായി യുഎസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാൻ മിസൈൽ ആയുധശേഖരം തയാറാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വ്യോമാക്രമണങ്ങളെ ചെറുക്കാൻ രൂപകൽപന ചെയ്‌ത ഭൂഗർഭ അറകളിലാണ് ഈ മിസൈലുകളിൽ സൂക്ഷിച്ചിരിക്കുന്നതെന്ന് ദ് ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഭൂഗർഭ അറകളിലെ എല്ലാ ലോഞ്ചറുകളും ഇതിനകം ലോഡ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.