ബാങ്കോക്ക്: മ്യാൻമറിനെയും തായ്‌ലൻഡിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ മരണം ആയിരം കടന്നു. 2000 ത്തിലധികം ആളുകൾക്ക് പരിക്കേറ്റു. നിരവധി പേർ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നു. മരണ സംഖ്യ ഉയരുമെന്നാണ് അധികൃതർ പറയുന്നത്. കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്.
മ്യാൻമറിലെ സാഗെയിങ് നഗരത്തിനു വടക്കുപടിഞ്ഞാറായി വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50-നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ചെറിയ ഭൂചലനങ്ങളുടെ നിര തന്നെ ഉണ്ടായി. ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്തും ചൈനയുടെ കിഴക്കൻ ഭാഗത്തും കംബോഡിയ, ലാവോസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ഭൂകമ്പം തകർത്ത മ്യാൻമറിനു സഹായവുമായി ലോക രാഷ്ട്രങ്ങൾ രംഗത്തെത്തി. ‘ഓപ്പറേഷൻ ബ്രഹ്മ’ എന്ന പേരിലാണ് ഇന്ത്യയുടെ രക്ഷാദൗത്യം. ഇന്ത്യ 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ മ്യാൻമറിലേക്ക് അയച്ചു. സോളാർ ലാംപുകൾ, ഭക്ഷണ പാക്കറ്റുകൾ, കിച്ചൺ സെറ്റുകൾ എന്നിവ ഉൾപ്പടെയാണ് ഇന്ത്യ നൽകിയത്.
മ്യാൻമാറിനൊപ്പം ഭൂകമ്പം വലിയ നാശം വിതച്ച തായ്‌ലാൻഡിൽ പ്രധാനമന്ത്രി പെയ്‌തൊങ്ടാൺ ഷിനവത്ര അടിയന്തരയോഗം വിളിച്ചു. തലസ്ഥാനമായ ബാങ്കോക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കോക്കിലും ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ യുനാനിലും മെട്രോ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിരിക്കയാണ്.