Wednesday, April 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » പരിശുദ്ധ കാതോലിക്കാ ബാവാ ജർമ്മനിയിൽ
പരിശുദ്ധ കാതോലിക്കാ ബാവാ ജർമ്മനിയിൽ

പരിശുദ്ധ കാതോലിക്കാ ബാവാ ജർമ്മനിയിൽ

by Editor
Mind Solutions

ബെർലിൻ: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഇന്ന് ജർമ്മനിയുടെ തലസ്ഥാനമായ ബർലിനിൽ എത്തിച്ചേരും. ഓറിയന്റൽ ഓർത്തഡോക്സ് സഭകളും ജർമ്മനിയിലെ പ്രൊട്ടസ്റ്റന്റ് സഭകളും തമ്മിലുള്ള ഡയലോഗിന്റെ മുഖ്യാതിഥിയായിട്ടാണ് പരിശുദ്ധ കാതോലിക്കാ ബാവാ ബർലിനിൽ എത്തുന്നത്.

മാർച്ച് 26 മുതൽ 28 വരെയാണ് EKD (Evangelische Kirche in Deutschland) – ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ ഡയലോഗ് നടക്കുന്നത്. ജർമ്മനിയിലെ ഇരുപത് പ്രൊട്ടസ്റ്റന്റ് സഭകളുടെ കൂട്ടായ്മയായ EKDയും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും തമ്മിലുള്ള ഈ സംവാദം 1983 മുതൽ തുടർന്നുവരുന്നു.

ജർമ്മനിയിലെത്തിയ പരിശുദ്ധ കാതോലിക്കാ ബാവാ, ജർമ്മനിയിലെ ഇതര ഓർത്തഡോക്സ് സഭകളുടേയും കത്തോലിക്കാ സഭയുടെയും അധ്യക്ഷന്മാരുമായും, ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുമായും വിവിധ വിഷയങ്ങളിൽ ചർച്ച നടത്തും. മാർച്ച് 30-ന് ജർമ്മനി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിക്കും.

യുകെ-യൂറോപ്പ്-ആഫ്രിക്കാ ഭദ്രാസന മെത്രാപ്പോലീത്തായ അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസ് തിരുമേനി ഉൾപ്പെടെയുള്ള പ്രതിനിധി സംഘം പരിശുദ്ധ പിതാവിനെ അനുഗമിക്കും. മലങ്കര സഭയുടെ പരമാദ്ധ്യക്ഷനായി സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള പ്രഥമ സന്ദർശനത്തിൽ മാർച്ച് 26-ന് ബർലിനിൽ വിശ്വാസികൾ പരി. പിതാവിന് ഉജ്ജ്വലമായ സ്വീകരണം നൽകും.

ഓറിയന്റൽ ഓർത്തഡോക്സ് സഭകളും EKDയും

കോപ്റ്റിക് ഓർത്തഡോക്സ് സഭ, അന്തിയോക്യൻ സിറിയക് ഓർത്തഡോക്സ് സഭ, അർമേനിയ ഓർത്തഡോക്സ് സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, എത്തിയോപ്യൻ ഓർത്തഡോക്സ് സഭ, എറിത്രിയൻ ഓർത്തഡോക്സ് സഭാ എന്നിവ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ കൂട്ടായ്മയിൽ ഉൾപ്പെടുന്നു.

1983 മുതൽ EKD-ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ പ്രതിനിധികൾ ദൈവശാസ്ത്രപരമായ കൂടിയാലോചനകൾക്കും മറ്റു ഉഭയകക്ഷി ചർച്ചകൾക്കുമായി ഒത്തുകൂടുന്നു. പ്രാരംഭ ഘട്ടങ്ങളിൽ, രണ്ടു ഓർത്തഡോക്സ് സഭാ കുടുംബങ്ങൾക്കിടയിൽ നിലനിന്നിരുന്ന ക്രിസ്തുശാസ്ത്രപരമായ വ്യത്യാസങ്ങൾക്ക് പൊതുധാരണ കൈവരിക്കുന്നത് പ്രധാന ചർച്ചാ വിഷയം ആയിരുന്നു. പിന്നീട് സംവാദം പൊതുവായ വിഷയങ്ങളിലേക്ക് മാറി. മതേതരവൽക്കരണത്തെയും ഇസ്ലാമുമായുള്ള സഹവർത്തിത്വത്തെയും ബാധിക്കുന്ന വെല്ലുവിളികൾ പ്രാധാന്യമാർന്ന ചർച്ചാ വിഷയങ്ങളായി.

ജർമ്മനിയിലെ ഓർത്തഡോക്സ് സമൂഹം

ഇരുപത്തിയഞ്ച് ലക്ഷത്തിലധികം ഓറിയന്റൽ ഓർത്തഡോക്സ് സഭാ വിശ്വാസികൾ ജർമ്മനിയിൽ സ്ഥിരതാമസക്കാരായി കഴിയുന്നതിനാൽ ഈ സംവാദം വളരെ പ്രാധാന്യമർഹിക്കുന്നു. നവീകരണത്തിന്റെ 500-ാം വാർഷികത്തോടനുബന്ധിച്ച് 2017-ൽ ബെർലിനിൽ നടന്ന സമ്മേളനത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യാഥിതിയായി പങ്കെടുത്തത് ഓർത്തഡോക്സ് സഭകളുടെ സ്വാധീനത്തിന്റെ സൂചനയായിരുന്നു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ഈ സന്ദർശനം, ജർമ്മനിയിലെ ഓർത്തഡോക്സ് സഭകളുടെ വളർച്ചയ്ക്ക് കാരണമാകും. മാർച്ച് 31 ന് സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങും.

Top Selling AD Space

You may also like

error: Content is protected !!