Monday, December 23, 2024
Jeevan MRI Kottayam, Thodupuzha
Home Latest News ഇസ്രായേലിൽ ഇറാന്റെ മിസൈൽ ആക്രമണം; വലിയ വില നൽകേണ്ടി വരുമെന്ന് നെതന്യാഹു.
ഇസ്രായേലിൽ ഇറാന്റെ മിസൈൽ ആക്രമണം; വലിയ വില നൽകേണ്ടി വരുമെന്ന് നെതന്യാഹു.

ഇസ്രായേലിൽ ഇറാന്റെ മിസൈൽ ആക്രമണം; വലിയ വില നൽകേണ്ടി വരുമെന്ന് നെതന്യാഹു.

by Editor
Mind Solutions

ടെല്‍ അവീവ്: ഇസ്രായേലിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് വലിയ രീതിയിലുള്ള ആശങ്കയാണ് ഉയരുന്നത്. 180-ലധികം ഹൈപ്പര്‍സോണിക് മിസൈലുകളാണ് ഇറാൻ ഇസ്രായേലിനുനേരെ തൊടുത്തുവിട്ടത് എന്നാണ് റിപോർട്ടുകൾ. ഹിസ്ബുല്ലയ്‌ക്കെതിരെ കരയുദ്ധം ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചതിന് പിന്നാലെയാണ് ഇറാന്റെ ആക്രമണം. മിസൈല്‍ ആക്രമണത്തിൽ ആളപായമുണ്ടായിട്ടില്ലെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേലിനെതിരായ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തെറ്റിന് ഇറാൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേലിലെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസിൽ അടിയന്തര യോഗം ചേര്‍ന്നു. പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ദേശീയ സുരക്ഷാ കൗൺസിലുമായി അടിയന്തിര യോഗം ചേർന്നു. അമേരിക്ക ഇസ്രയേലിനെ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഇറാന്റെ ആക്രമണത്തെ ഇസ്രയേൽ ഫലപ്രദമായി പരാജയപ്പെടുത്തിയെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. തുടർ നടപടികളെ കുറിച്ച് അമേരിക്ക ഇസ്രയേൽ സർക്കാരുമായി ചർച്ച നടത്തുമെന്ന് സുരക്ഷ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ വ്യക്തമാക്കി. അതേസമയം, മേഖലയിൽ വ്യോമപാത തത്കാലികമായി അടച്ചിരിക്കുകയാണ് വിവിധ രാജ്യങ്ങൾ. ലെബനൻ, ഇറാഖ്, ജോർദാൻ എന്നീ രാജ്യങ്ങൾ തത്കാലികമായി വ്യോമപാത അടച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്‍റെ ആക്രമണത്തിന് പിന്നാലെ ഇറാന്‍റെ മിസൈലുകളെ പ്രതിരോധിക്കാനും വെടിവെച്ച് വീഴ്ത്താനും പ്രസിഡന്‍റ് ജോ ബൈഡൻ അമേരിക്കൻ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാനും രം​ഗത്ത് വന്നു. കൂടുതൽ പ്രകോപനങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി മിസെൽ ആക്രമണം അവസാനിപ്പിക്കുകയാണെന്നും ഇറാൻ വ്യക്തമാക്കി. സയണിസ്റ്റ് ഭരണകൂടം പ്രതികരിക്കാനോ കൂടുതൽ ആക്രമണങ്ങൾ നടത്താനോ ധൈര്യപ്പെടുകയാണെങ്കിൽ, തുടർന്നും പ്രതികരണം ഉണ്ടാകുമെന്നും ഇറാൻ വ്യക്തമാക്കി. യുഎസിനും ഇറാൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഏതെങ്കിലും ശത്രുതാപരമായ നടപടികളിൽ അമേരിക്ക ഇടപെടുകയോ എന്തെങ്കിലും ബോംബിംഗ് പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്താൽ, ഇറാഖിലെയും പ്രദേശത്തെയും എല്ലാ അമേരിക്കൻ താവളങ്ങളും ലക്ഷ്യമിടുമെന്നാണ് യുഎസിനുള്ള മുന്നറിയിപ്പ്.

സംഘർഷത്തിന് പിന്നാലെ ന്യൂയോർക്കിൽ യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തിര യോഗം ചേരും. മേഖലയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അടിയന്തര യോഗം.

ഇതിനിടെ, ടെല്‍ അവീവിലെ ജാഫ്നയിൽ അക്രമി ജനക്കൂട്ടത്തിനേരെ വെടിയുതിര്‍ത്തു. സംഭവത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണം ആണെന്ന് കരുതുന്നതായി ഇസ്രായേൽ അധികൃതര്‍ അറിയിച്ചു. പത്തു പേർ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.

ആഴ്ചകളായി ലെബനനിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിവിധയിടങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ല ഉൾപ്പെടെ നിരവധി ഉന്നത നേതാക്കൾ കൊല്ലപ്പെട്ടിരുന്നു.

ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഷെൽറ്ററുകളിലേക്ക് മാറാൻ തയറായിരിക്കണമെന്നും ഇന്ത്യ ഇസ്രയേൽ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നുമാണ് അറിയിച്ചിരിക്കുന്നത്. സംഘർഷം വ്യാപിക്കുന്നത് തടയണമെന്ന് വീണ്ടും ഇന്ത്യ ആവശ്യപ്പെട്ടു. മേഖലയിലെ സംഘർഷം പരിഹരിക്കണം. ഇതിനായി പരസ്പരം സന്ദേശങ്ങൾ കൈമാറാൻ തയാറാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.

Top Selling AD Space

You may also like

Copyright @2024 – All Right Reserved. 

error: Content is protected !!