Monday, December 23, 2024
Jeevan MRI Kottayam, Thodupuzha
Home Entertainment പ്രശസ്ത നടി കവിയൂർ പൊന്നമ്മ (80) അന്തരിച്ചു.
പ്രശസ്ത നടി കവിയൂർ പൊന്നമ്മ (80) അന്തരിച്ചു.

പ്രശസ്ത നടി കവിയൂർ പൊന്നമ്മ (80) അന്തരിച്ചു.

by Editor
Mind Solutions

കൊച്ചി: പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 80 വയസായിരുന്നു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. അർബുദ രോഗബാധിതയായി എറണാകുളം ലിസി ആശുപത്രിയിൽ ചികിൽസയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ട് 5.33-നാണ് അന്ത്യം. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച അഭിനേത്രിയായിരുന്നു. നാന്നൂറിലധികം സിനിമകളിൽ അഭിനയിച്ചു. കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964-ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. നിരവധി സിനിമകളില്‍ ഗായികയായും തിളങ്ങിയിരുന്നു. തിരുവല്ലക്കടുത്ത് കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയുടെയും മൂത്തമകളായാണ് ജനിച്ചത്. ബാല്യത്തിൽ തന്നെ പാട്ടുപാടി അരങ്ങിലെത്തി. തോപ്പിൽ ഭാസിയുടെ മൂലധനത്തിലൂടെ പതിനാലാം വയസ്സിൽ നാടകങ്ങളിൽ സജീവമായി. കുടുംബിനിയിൽ രണ്ട് കുട്ടികളുടെ അമ്മയായി സിനിമയിൽ തുടക്കമിടുമ്പോൾ പ്രായം 19 വയസായിരുന്നു. ആറ് പതിറ്റാണ്ട് സിനിമയിൽ തിളങ്ങിയ അവർ മലയാളസിനിമയുടെ അമ്മ മുഖമായിരുന്നു.

നിർമാതാവും സംവിധായകനുമായ മണിസ്വാമിയെ 1969ൽ വിവാഹം കഴിച്ചു. ഏകമകൾ ബിന്ദു കുടുംബസമേതം അമേരിക്കയിലാണ് താമസം. നടി കവിയൂർ രേണുക ഉൾപെടെ ആറ് സഹോദരങ്ങളുണ്ട്.

കഴിഞ്ഞ മേയ് മാസത്തില്‍ ആണ് പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയില്‍ തന്നെ സ്റ്റേജ് 4 കാന്‍സര്‍ ആണ് കണ്ടെത്തിയത്. സെപ്തംബര്‍ 3 ന് തുടര്‍ പരിശോധനകള്‍ക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് (ശനിയാഴ്ച) രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ആലുവയിലെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും.

 

Top Selling AD Space

You may also like

Copyright @2024 – All Right Reserved. 

error: Content is protected !!