ന്യൂയോർക്ക്: ഇന്ത്യക്കെതിരായ പാക്കിസ്ഥാന്റെ പരാമർശങ്ങളിൽ മറുപടിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഐക്യരാഷ്ട്രസഭയുടെ 79-ാമത് ജനറൽ അംസബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ജയശങ്കറിന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള ഭീകരവാദ നയത്തെക്കുറിച്ചാണ് മന്ത്രി സംസാരിച്ചത്. പാക്കിസ്ഥാന്റെ പ്രവർത്തനങ്ങൾക്ക് തീർച്ചയായും അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അവരുടെ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ അവർ തന്നെ അനുഭവിക്കേണ്ടി വരും. പാക്കിസ്ഥാന്റെ ഇപ്പോഴത്തെ സ്ഥിതിക്ക് ലോകത്തെ പഴിച്ചിട്ട് കാര്യമില്ല. അത് അവരുടെ കർമ്മത്തിന്റെ ഫലം മാത്രമാണ്. പാക്കിസ്ഥാന്റെ ഭീകര നയങ്ങളുടെ ആഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പും അദ്ദേഹം നൽകി. ഇത്തരം നയങ്ങളും രാഷ്‌ട്രീയവും ജനങ്ങളിൽ മതഭ്രാന്ത് വളർത്തുകയാണ്. വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
1947-ൽ രൂപീകൃതമായ സമയം മുതൽ ഏറ്റവും മോഷമായ സാമ്പത്തിക സ്ഥിതിയാണ് പാക്കിസ്ഥാനുള്ളത്. വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നറിഞ്ഞിട്ടും നാശം മാത്രം ലക്ഷ്യമിട്ട് നടത്തിയ പ്രവർത്തനങ്ങളാണ് സമ്പദ് വ്യവസ്ഥ പിന്നോട്ട് പോകാൻ കാരണമായത്. അവരുടെ ദുഷ്പ്രവൃത്തികൾ അയൽപക്ക രാജ്യങ്ങളെയും ബാധിക്കുന്നു. പാക്കിസ്ഥാന്റെ രാഷ്ട്രീയം ജനങ്ങൾക്കിടയിൽ മതഭ്രാന്ത് വളർത്തുമ്പോൾ, അതിന്റെ ജിഡിപിയെ തീവ്രവാദത്തിന്റെ രൂപത്തിലുള്ള കയറ്റുമതിയുടെ അടിസ്ഥാനത്തിൽ മാത്രമേ അളക്കാൻ കഴിയൂവെന്നും അദ്ദേഹം പരിഹസിച്ചു.
നേരത്തെ യുഎന്നിൽ ജമ്മുകശ്മീർ വിഷയം ഉന്നയിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രിക്ക് ശക്തമായ മറുപടി യു എന്നിലെ ഇന്ത്യൻ പ്രതിനിധി ഭാവിക മംഗളാനന്ദൻ നൽകിയിരുന്നു. പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ നിലപാട് അപഹാസ്യവും കാപട്യവുമാണ്, അതിർത്തി കടന്നുള്ള ഭീകരവാദം ഇന്ത്യ നേരിടും, പാക്കിസ്ഥാൻ ഭീകരരെ മഹത്വവത്ക്കരിക്കുയാണ് പാക് പ്രധാനമന്ത്രി ചെയ്തതെന്നും ഭാവിക മറുപടിയിൽ ചൂണ്ടിക്കാട്ടി. ഇന്ത്യൻ പാര്‍ലമെന്റില്‍ അടക്കം പാക്കിസ്ഥാന്‍ ആക്രമണം നടത്തി. അത്തരമൊരു രാജ്യം അക്രമത്തെക്കുറിച്ച് സംസാരിക്കുന്നത് കാപട്യത്തിന്റെ അങ്ങേയറ്റമാണ്. അട്ടിമറിക്കപ്പെട്ട തിരഞ്ഞെടുപ്പുകളുടെ ചരിത്രമുള്ള ഒരു രാജ്യം രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെക്കുറിച്ച് സംസാരിക്കുന്നത് അസാധാരണമാണെന്നും ഭവിക പറഞ്ഞു. ഇന്ത്യയുടെ സ്വന്തമായിട്ടുള്ള ഈ പ്രദേശം സ്വന്തമാക്കണമെന്നതാണ് പാക്കിസ്ഥാന്റെ ആഗ്രഹം. ജമ്മുകശ്മീരിലെ തിരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ പാക്കിസ്ഥാന്‍ നിരന്തരം ശ്രമിച്ചു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യവും ഒഴിവാക്കാനാകാത്ത ഭാഗവുമാണെന്നും ഭവിക പറഞ്ഞു.
ജമ്മുകശ്മീരിൽ ഹിതപരിശോധന നടത്തണമെന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് യു എന്നിലെ പ്രസംഗത്തിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ കശ്മീർ വിഷയം പരിഹരിക്കാൻ ചർച്ചയ്ക്ക് തയ്യാറാകണമെന്നും പ്രത്യേക പദവി പുനസ്ഥാപിക്കണമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞിരുന്നു.