കൊച്ചി: വൈപ്പിൻ സ്വദേശികളുടെ വർഷങ്ങളായ കാത്തിരിപ്പിന് പരിഹാരമായി, ഗോശ്രീ ബസുകൾ ഇപ്പോൾ നഗരത്തിലേക്ക് സർവീസ് ആരംഭിച്ചു. ഗോശ്രീ പാലങ്ങൾ നിലവിൽ വന്നിട്ട് 18 വർഷം പിന്നിട്ടിട്ടും ബസുകൾക്ക് നഗരത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. നഗരത്തിലെ ചില റൂട്ടുകൾ സർക്കാർ നിയന്ത്രണത്തിലായതിനാൽ ഗോശ്രീ പാലത്തിലൂടെയുള്ള പോവേണ്ട ബസുകൾക്ക് ഹൈക്കോടതി ജംഗ്ഷൻ വരെയായിരുന്നു യാത്രാനുമതി. ഇതുവരെ വൈപ്പിൻനിവാസികൾക്ക് ആകെ ആശ്രയിക്കാനായിരുന്നത് ചുരുക്കം ചില കെഎസ്ആർടിസി ബസുകളേ ആയിരുന്നുള്ളൂ. ഇനി മുതൽ കൂടുതൽ ബസുകൾക്ക് പെർമിറ്റ് അനുവദിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ അറിയിച്ചു.
നിലവിൽ അനുവദിച്ചിരിക്കുന്ന ബസുകൾ വിജയകരമായി പ്രവർത്തിച്ചാൽ കൂടുതൽ ബസുകൾ വൈപ്പിനിലേക്ക് അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രാഥമിക ഘട്ടത്തിൽ 10 കെഎസ്ആർടിസി ബസുകളും 4 പ്രൈവറ്റ് ബസുകളും നഗരത്തിലേക്ക് സർവീസ് നടത്തും. ഇതോടെ വൈപ്പിനിൽ നിന്ന് എറണാകുളം നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതൽ ഗതാഗത സൗകര്യം ഒരുക്കപ്പെടും.
ആദ്യഘട്ടത്തിൽ കളമശേരി മെഡിക്കൽ കോളേജ്, വൈറ്റില, കാക്കനാട്, ഫോർട്ട് കൊച്ചി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലേക്കാണ് ബസുകൾ സർവീസ് നടത്തുക. ഈ ബസുകൾ വിജയകരമായി പ്രവർത്തിപ്പിക്കേണ്ടത് പ്രദേശവാസികളുടെ ഉത്തരവാദിത്തമാണെന്നും ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് ബസുകൾ അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗോശ്രീ ബസുകളുടെ നഗരപ്രവേശനത്തിൽ ബെന്നി പി നായരമ്പലം, അന്ന ബെൻ, പൗളി വത്സൻ എന്നിവർ പങ്കെടുത്തു. “വൈപ്പിൻകാരുടെ കാലങ്ങളായുള്ള ആവശ്യം യാഥാർഥ്യമായിരിക്കുകയാണ്” എന്ന് നടി പൗളി വത്സൻ പറഞ്ഞു. “ഇപ്പോഴെങ്കിലും ഇത് നടപ്പാകുന്നത് സന്തോഷകരമാണ്. ഇങ്ങനെ സംഭവിക്കുമെന്ന് ഉറപ്പായിരുന്നു” എന്നും അവർ കൂട്ടിച്ചേർത്തു.
“പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ്” എന്നായിരുന്നു സിനിമാ നടി അന്ന ബെന്നിന്റെ പ്രതികരണം. ബസുകളുടെ നഗരപ്രവേശനത്തിനുള്ള ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയും ആദ്യ ബസ് യാത്രയിൽ അനുഭവം പങ്കുവെക്കുകയും ചെയ്തതായിരുന്നു അന്ന ബെൻ.
കെഎസ്ആർടിസിയിൽ ആധുനിക രീതിയിലുള്ള തെറ്റില്ലാത്ത സേവനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാർ പറഞ്ഞു. “നഷ്ടം കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം നൽകാൻ കഴിയുന്ന സാഹചര്യം ഉടൻതന്നെ ഉണ്ടാകുമെന്നും” മന്ത്രി അറിയിച്ചു.
ഗതാഗത സൗകര്യമില്ലാത്ത ഉൾനാടൻ പ്രദേശങ്ങളിൽ പൊതുഗതാഗതം ശക്തിപ്പെടുത്താനും നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ബസ് റൂട്ടുകൾ ഇല്ലാത്ത ഈ മേഖലകളെ എംഎൽഎമാരും ഗ്രാമസഭകളും ചേർന്ന് തീരുമാനിക്കുന്ന രീതിയിലായിരിക്കും പുതിയ സർവീസ് അനുവദിക്കുക. പെർമിറ്റ് നൽകുന്നത് ഒഴിവാക്കി ഒരു റൂട്ടിൽ കുറഞ്ഞത് രണ്ടു ബസുകൾ എന്ന രീതിയിലായിരിക്കും ലൈസൻസ് അനുവദിക്കുക. 503 പുതിയ റൂട്ടുകൾക്ക് ഉടൻ അനുമതി നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന രീതിയിൽ പുതിയ ബസുകൾ സർവീസിലേക്ക് കൊണ്ടുവരാൻ കെഎസ്ആർടിസി ശ്രമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.