ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ട്രെയിനിൽ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിച്ചതായി റിപ്പോർട്ട്. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 33 ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) അംഗങ്ങളെ വധിച്ചെന്ന് പാക്ക് സൈന്യം അറിയിച്ചു. ആകെ 346 ബന്ദികളെയാണു മോചിപ്പിച്ചത്. ഏറ്റുമുട്ടലിൽ 33 ബിഎൽഎ അംഗങ്ങൾ കൊല്ലപ്പെട്ടു. 21 ബന്ദികളെയും നാലു സൈനികരെയും ബിഎൽഎ വധിച്ചു.
പാക്കിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്‌ഥാന്റെ തലസ്ഥാനമായ ക്വറ്റയിൽനിന്നു വടക്കൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്‌തുൺക്വ പ്രവിശ്യയിലെ പെഷാവറിലേക്കു പോകുകയായിരുന്ന ജാഫർ എക്‌സ്പ്രസാണു മഷ്കഫ് തുരങ്കത്തിൽ ആക്രമിക്കപ്പെട്ടത്. ബിഎൽഎയുടെ ചാവേർസംഘമായ മജീദ് ബ്രിഗേഡിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത മലയിടുക്കാണ് ആക്രമണത്തിനായി ബിഎൽഎ സംഘം തിരഞ്ഞെടുത്തത്. സൈനികർക്കോ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർക്കോ പെട്ടെന്ന് എത്തിച്ചേരാൻ പറ്റാത്ത സ്ഥലമാണിത്.
സൈന്യം ഇടപെട്ടാൽ ബന്ദികളെ കൊലപ്പെടുത്തുമെന്നും ബിഎൽഎ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, ഈ ഭീഷണി അവഗണിച്ച് പാക്ക് സൈന്യം ആക്രമണം നടത്തിയിരുന്നു.