തിരുവനന്തപുരം: ലൗ ജിഹാദ് ആരോപണം ഉന്നയിച്ച് വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി. നേതാവ് പി. സി. ജോര്‍ജിനെതിരെ നിയമസഭയില്‍ ശക്തമായ പ്രതിഷേധം ഉയർന്നു. “പോലീസ് വിചാരിച്ചാല്‍ പി. സി. ജോര്‍ജിനെ ചങ്ങലക്കിടാന്‍ കഴിയില്ലേ?” എന്നായിരുന്നു എ. കെ. എം. അഷ്‌റഫ് എം.എല്‍.എയുടെ പ്രതികരണം. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാലും, സര്‍ക്കാര്‍ അദ്ദേഹത്തിന് പരമാവധി ഇളവ് നല്‍കിയതിനാലും കടുത്ത വിമര്‍ശനം ഉണ്ടാവുകയും ചെയ്തു.
“കേരളത്തിന്റെ മതേതരത്വം തകര്‍ക്കുന്ന പി. സി. ജോര്‍ജിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ എന്താണ് സർക്കാർ മടിക്കുന്നത്?” എന്നും അഷ്‌റഫ് ചോദിച്ചു. “പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് ദയാബോധത്തോടെയായിരുന്നു, കര്‍ണാടക സര്‍ക്കാര്‍ ഇത്തരത്തിലുള്ളവരെ തടവിലടച്ചത് പോലെ കര്‍ശന നടപടി കേരളത്തിലും വേണ്ടിയിരുന്നു “ എന്നും അദ്ദേഹം സഭയില്‍ വിശദീകരിച്ചു.
പുതിയ വിവാദ പ്രസ്താവനയിൽ, “മീനച്ചില്‍ താലൂക്കില്‍ മാത്രം 400-ലധികം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു” എന്നായിരുന്നു പി. സി. ജോര്‍ജിന്റെ ആരോപണം. മതവിദ്വേഷക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് അദ്ദേഹം വീണ്ടും മുസ്ലിം സമുദായത്തെ ഉദ്ദേശിച്ചുള്ള പരാമര്‍ശങ്ങളുമായി രംഗത്തെത്തിയത്, ഇത് കടുത്ത വിമര്‍ശനത്തിനിടയാക്കി.