കൊച്ചിയിലെ കളമശേരിയിൽ ഒരു സ്വകാര്യ സ്കൂളിലെ അഞ്ച് വിദ്യാർഥികൾക്ക് വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് സ്കൂൾ താത്കാലികമായി അടയ്ക്കാൻ നിർദേശം നൽകി. ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾക്ക് കടുത്ത തലവേദനയും നേരിയ പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടമായി രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ പകർച്ചയാണെന്ന സംശയത്തിലാണ് ആരോഗ്യ വിദഗ്ദ്ധർ. വിദ്യാർത്ഥികളുടെ സാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്, കൂടാതെ മറ്റു വിദ്യാർഥികൾക്കും രോഗം ബാധിക്കാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വൈറസ് മൂലമുണ്ടാകുന്ന തലച്ചോറിനും നട്ടെല്ലിനും ബാധിക്കുന്ന അണുബാധയായ മെനിഞ്ചൈറ്റിസ് താരതമ്യേന ഗുരുതരമല്ലെങ്കിലും അവഗണിക്കാനാവാത്തതാണ്. തലവേദന, പനി, കഴുത്ത് വേദന, ക്ഷീണം, ഛർദ്ദി എന്നിവ പ്രധാന ലക്ഷണങ്ങളായതിനാൽ രോഗം സ്ഥിരീകരിച്ചവർ മറ്റ് കുട്ടികളുമായി സമ്പർക്കം പുലർത്താതിരിക്കേണ്ടതുണ്ട്, ശുദ്ധമായ വെള്ളം മാത്രം ഉപയോഗിക്കുക, വ്യക്തിഗത ശുചിത്വം പാലിക്കുക എന്നിങ്ങനെ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ആരോഗ്യ അവലോകനത്തിന് ശേഷം സുരക്ഷിത്വം ഉറപ്പുവരുത്തിയാൽ മാത്രമേ സ്കൂൾ വീണ്ടും തുറക്കൂവെന്ന് അധികൃതർ അറിയിച്ചു.