Friday, April 18, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ആൽഫ്രെഡ് ചുഴലിക്കാറ്റ്: ദുരിതം ഒഴിയുന്നില്ല, കനത്ത മഴ തുടരുന്നു, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ.
ആൽഫ്രെഡ് ചുഴലിക്കാറ്റ്: ദുരിതം ഒഴിയുന്നില്ല, കനത്ത മഴ തുടരുന്നു, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ.

ആൽഫ്രെഡ് ചുഴലിക്കാറ്റ്: ദുരിതം ഒഴിയുന്നില്ല, കനത്ത മഴ തുടരുന്നു, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ.

by Editor
Mind Solutions

ബ്രിസ്‌ബേൻ: ആൽഫ്രെഡ് ചുഴലിക്കാറ്റിന്റെ ഭീതി ഒഴിഞ്ഞെങ്കിലും ബ്രിസ്ബേനിലെയും ഗോൾഡ് കോസ്റ്റിലെയും ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഭീതി വിതച്ച് ചുഴലിക്കാറ്റ് കടന്നു പോയെങ്കിലും രണ്ടു ദിവസം കൂടി പല മേഖലകളിലും കാറ്റും മഴയും വെള്ളപ്പൊക്കവും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങൾ വീട്ടിനുള്ളിൽ തന്നെ തുടരണമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. നദികൾ ഇനിയും കരകവിഞ്ഞൊഴുകുമെന്നും വെള്ളപ്പൊക്കം കനക്കുമെന്നുമാണ് മുന്നറിയിപ്പ്.

ക്യൂൻസ്​ലാൻഡിന്റെ തെക്ക് കിഴക്കൻ പ്രദേശങ്ങളിൽ കാറ്റും മഴയും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. റോഡുകളിൽ മരം കടപുഴകി വീണും മറ്റുമുണ്ടായ ഗതാഗത തടസ്സം പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കനത്ത കാറ്റിൽ മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണതിനെ തുടർന്ന് തെക്കു–കിഴക്കൻ ക്യൂൻസ്​ലാൻഡിലും വടക്കൻ ന്യൂ സൗത്ത് വെയിൽസിലുമായി 2,50,000 വീടുകളിലും ബിസിനസ് കെട്ടിടങ്ങളിലുമാണ് വൈദ്യുതി മുടങ്ങിയത്. പല സ്ഥലങ്ങളിലും ടെലികോം ശൃംഖലയും തകരാറിൽ ആണ്.

ഞായറാഴ്ച ബ്രിസ്ബെനിന്റെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. വടക്കൻ മേഖലയിലെ ഇനോഗറ ക്രീക്ക് കരകവിഞ്ഞൊഴുകിയത് മൂലം പാലങ്ങളും നടപ്പാതകളും വെള്ളത്തിൽ മുങ്ങി. ബ്രെമർ, ലോഗൻ റിവേഴ്സ്, വാറിൽ ക്രീക്ക്, റിച്ച്മൗണ്ട്, ക്ലാരൻസ്, ഒറാറ നദികൾ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുകയാണ്. മഴ മുന്നറിയിപ്പിനെ തുടർന്ന് ആയിരത്തോളം സ്കൂളുകൾ ഇന്നും അടച്ചിട്ടിരിക്കുകയാണ്.

തെക്കുകിഴക്കൻ ക്യുൻസ്ലാൻഡ് , വടക്കുകിഴക്കൻ NSW എന്നിവിടങ്ങളിൽ ഇന്ന് ഉച്ചകഴിഞ്ഞ് വരെ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ് , ഇത് കൂടുതൽ വെള്ളപ്പൊക്കത്തിനോ നദികൾ കരകവിയാനും കാരണമാകും.

ഇന്ന് രാവിലെ വരെ പല സ്ഥലങ്ങളിലും റെക്കോർഡ് മഴയാണ് രേഖപെടുത്തിയതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു. സൺഷൈൻ കോസ്റ്റിലെ ഉൾനാടൻ പ്രദേശമായ ഡയമണ്ട് വാലിയിൽ 433 മില്ലിമീറ്റർ മഴ പെയ്തു, ക്യുൻസ്ലാൻഡിലെ വോംഗവല്ലൻ 410 മില്ലിമീറ്റർ, ഗ്രീൻ ഹിൽ 361 മില്ലിമീറ്റർ, മൗണ്ട് കൂട്ട്-ത 340 മില്ലിമീറ്റർ, ബ്രിസ്‌ബേൻ 275 മില്ലിമീറ്റർ, ന്യൂ സൗത്ത് വെൽസിലെ ബിലാംബിൽ ഹൈറ്റ്സിൽ 274 മില്ലിമീറ്റർ, ഡ്രേക്ക്, 257 മില്ലിമീറ്റർ, തുംബുൾഗത്തിൽ 196 മില്ലിമീറ്റർ എന്നീ നിരക്കിൽ മഴ രേഖപ്പെടുത്തി.

ലിസ്മോറിൽ കഴിഞ്ഞ ദിവസം സൈനിക ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 സൈനികരാണ് പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. 2 പേരുടെ നില ഗുരുതരമാണ്. ഇടുങ്ങിയ റോഡിലൂടെ രക്ഷാപ്രവർത്തനത്തിന് പോയ ട്രക്ക് കാറ്റിന്റെ ശക്തിയാൽ മറിയുകയും പിന്നാലെ മറ്റൊരു ട്രക്ക് വന്നിടിക്കുകയും ചെയ്തതോടെയാണ് അപകടത്തിന്റെ തീവ്രത കൂടിയത്.

തെക്കുകിഴക്കൻ ക്വീൻസ്‌ലാന്റിലും വടക്കൻ ന്യൂ സൗത്ത് വെയിൽസിലും ശക്തമായ കാറ്റും മഴയും വെള്ളപ്പൊക്കവും

Top Selling AD Space

You may also like

error: Content is protected !!