ടെൽഅവീവ്: വെസ്റ്റ് ബാങ്കിൽ കുടുങ്ങിയ പത്ത് ഇന്ത്യൻ പൗരന്മാരെ ഇസ്രായേൽ സൈന്യം രക്ഷപ്പെടുത്തി. കെട്ടിട നിർമാണ ജോലിക്കായി മാസങ്ങൾക്ക് മുമ്പ് വെസ്റ്റ് ബാങ്കിലേക്ക് പോയ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ഒരു മാസത്തിലേറെയായി തടവിലായിരുന്ന ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ ഒറ്റരാത്രികൊണ്ട് രക്ഷപ്പെടുത്തിയതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിർമാണ പ്രവർത്തനങ്ങൾക്കായാണ് ഇവർ ഇസ്രയേലിൽ എത്തിയത്. ജോലി വാഗ്ദാനം ചെയ്താണ് വെസ്റ്റ് ബാങ്കിൽ എത്തിച്ചു.
വെസ്റ്റ് ബാങ്കിലെ അൽ സയീം ഗ്രാമത്തിലെ ഒരു വ്യക്തിയാണ് ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യൻ പൗരന്മാരെ വെസ്റ്റ് ബാങ്കിൽ എത്തിച്ചത് എന്നാണ് വിവരം. തുടർന്ന് ഇവരുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഇയാൾ കൈക്കലാക്കുകയായിരുന്നു. പോപ്പുലേഷൻ ആൻഡ് ഇമിഗ്രേഷൻ അതോറിറ്റിയും ഇസ്രായേൽ സേനയും ചേർന്ന് നടത്തിയ ഓപ്പറേഷനിലൂടെയാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. പാസ്പോർട്ടുകൾ തൊഴിലാളികൾക്ക് തിരികെ നൽകി. വിഷയത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഇസ്രായേൽ അധികൃതരുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിനു ശേഷം പലസ്തീനിൽ നിന്നുള്ള നിർമാണ തൊഴിലാളിക്കൾക്ക് ഇസ്രയേലിലേക്ക് പ്രവേശിക്കുന്നതിനു വിലക്കുണ്ട്.