ചലച്ചിത്ര പ്രൊമോഷനിൽ നിന്ന് വിട്ടുനിന്നെന്ന സംവിധായകൻ ദീപു കരുണാകരന്റെ പ്രസ്താവനയെ നടി അനശ്വര രാജൻ തള്ളിക്കളഞ്ഞു. ആരോപണം സത്യവസ്തു രഹിതമാണെന്നും, ഇത് തന്റെ കരിയറിനെ മോശമായി ബാധിപ്പിക്കാനുള്ള ശ്രമമാണെന്നും അനശ്വര വ്യക്തമാക്കി. ദീപുവിന്റെ പരാമർശത്തിനെതിരെ അമ്മയ്ക്ക് പരാതി നൽകിയതായും ആവശ്യമെങ്കിൽ നിയമനടപടിയും സ്വീകരിക്കുമെന്നും അനശ്വര കൂട്ടിച്ചേർത്തു.
തന്റെ വ്യക്തിഹത്യക്കായി ചില യൂട്യൂബർമാർ പരാമർശങ്ങൾ നടത്തിയതായും, അവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
“ഒരു ദുരുദ്ദേശത്തോടെയാണ് സംവിധായകൻ ഈ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇതുവരെ സിനിമയുടെ ഔദ്യോഗിക റിലീസ് തീയതിപോലും അറിയിച്ചിട്ടില്ല. പ്രൊമോഷനിൽ പങ്കെടുക്കാൻ ഞാൻ ഇപ്പോഴും തയ്യാറാണ്. ഒരു പ്രൊഫഷണൽ ആർട്ടിസ്റ്റായി, എന്റെ ഉത്തരവാദിത്വങ്ങൾ മനസ്സിലാക്കുന്ന വ്യക്തിയാണ് ഞാൻ” അനശ്വര വ്യക്തമാക്കി.
അനശ്വരയെ നായികയാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്ത സിനിമയുടെ പ്രൊമോഷനിൽ നിന്ന് നടി വിട്ടുനിന്നതായുള്ള ആരോപണമാണ് വിവാദത്തിന് കാരണം. “കാൽപിടിച്ച് പറഞ്ഞിട്ടും ചിത്രത്തിന്റെ പോസ്റ്റർ പോലും അനശ്വര പങ്കുവെച്ചില്ല” ഇതായിരുന്നു ദീപുവിന്റെ പ്രതികരണം. ഈ ആരോപണത്തോടാണ് അനശ്വര ഇൻസ്റ്റാഗ്രാമിൽ മറുപടി നൽകിയത് .