റാവല്‍പിണ്ടി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ക്രിക്കറ്റ് ടൂർണമെന്റിൽ നിന്ന് പാക്കിസ്ഥാൻ പുറത്തായി. ഇതോടെ ഗ്രൂപ്പ് എ യിലെ സെമി ചിത്രം തെളിഞ്ഞു. ഇന്ത്യയും ന്യൂസിലന്‍ഡും ഗ്രൂപ്പില്‍ നിന്ന് സെമി ടിക്കറ്റെടുത്തപ്പോള്‍ ബംഗ്ലാദേശും ആതിഥേയരായ പാക്കിസ്ഥാനും പുറത്തായി. പട്ടികയില്‍ നിലവില്‍ അവസാനസ്ഥാനത്താണ് പാക്കിസ്ഥാൻ.
തിങ്കളാഴ്ച നടന്ന മത്സരത്തില്‍ കിവീസ് ബംഗ്ലാദേശിനെ കീഴടക്കിയതോടെയാണ് ചിത്രം വ്യക്തമായത്. നിലവില്‍ ഗ്രൂപ്പ് എ യില്‍ ന്യൂസിലന്‍ഡാണ് ഒന്നാമത്. ഇന്ത്യ പട്ടികയില്‍ രണ്ടാമതാണ്. ഇരുടീമുകള്‍ക്കും രണ്ടുമത്സരങ്ങളില്‍ നിന്നായി നാല് പോയന്റാണുള്ളത്. മികച്ച നെറ്റ് റണ്‍റേറ്റാണ് കിവീസിന് തുണയായത്. ന്യൂസിലന്‍ഡും ഇന്ത്യയും തമ്മില്‍ നടക്കാനിരിക്കുന്ന മത്സരം ഗ്രൂപ്പ് ജേതാക്കളെ നിശ്ചയിക്കും. മാർച്ച് രണ്ടിനാണ് ഇന്ത്യ ന്യൂസിലന്‍ഡ് മത്സരം.
ഇന്നലെ നടന്ന നിര്‍ണായകമത്സരത്തില്‍ ബംഗ്ലാദേശിനെ ന്യൂസിലന്‍ഡ് കീഴടക്കി. അഞ്ച് വിക്കറ്റിനാണ് കിവീസിന്റെ ജയം. 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അതോടെയാണ് ഗ്രൂപ്പ് എ യില്‍ നിന്ന് ഇന്ത്യയും ന്യൂസിലന്‍ഡും സെമിയില്‍ പ്രവേശിച്ചത്.