Friday, November 14, 2025
Mantis Partners Sydney
Home » പിങ്ക്ളാങ്കിയും അഞ്ച് മാലാഖമാരും
പിങ്ക്ളാങ്കിയും അഞ്ച് മാലാഖമാരും

പിങ്ക്ളാങ്കിയും അഞ്ച് മാലാഖമാരും

ബാല നോവൽ - ഭാഗം 5

by Editor

രാവിലെ പ്രാതല്‍ കഴിക്കുമ്പോള്‍ അമ്മ പറഞ്ഞു:
“കുറച്ചുകഴിഞ്ഞു ഞാന്‍ തയ്യല്‍ക്കടവരെ ഒന്നു പോകും. ഈസ്റ്ററിനുടുക്കാന്‍ എടുത്ത സാരിയാണ്. ഇതുവരെ ബ്ലൗസ് തയ്ച്ചുകിട്ടിയില്ല. തിരികെവരുമ്പോള്‍ നിനക്കു ഞാന്‍ എന്താ വാങ്ങേണ്ടത്?”
മന്നാ എന്നാണ് നാക്കില്‍ വന്നത്. പക്ഷേ, പറഞ്ഞതു വേറേയാണ്.
“എന്തെങ്കിലും മധുരമുള്ളതു വാങ്ങാമോ?”
ലഡ്ഡു മതിയോ?”
‘മതി.”

അമ്മ വേഗം ജോലിയെല്ലാം തീര്‍ത്തിട്ടു പോകാന്‍ തയ്യാറായി. സന്തോഷംകൊണ്ട് ഐവാന്‍റെ മനസ്സില്‍ പൂത്തിരി കത്തി.
ആരെയും പേടിക്കാതെ മാലാഖമാരോടൊത്തു സംസാരിക്കാം.
അമ്മ സ്കൂട്ടി സ്റ്റാര്‍ട്ട് ചെയ്തിട്ടു പറഞ്ഞു:
“നീ അകത്തു പോ, വാതില്‍ ആരു വന്നാലും തുറക്കരുത്, അമ്മ വേഗം വരും.”
“ഒറ്റയ്ക്കിരിക്കാന്‍ പേടിയുണ്ടോ?”
“ഇന്നാളൊരു ദിവസം ഞാന്‍ തന്നെ ഇവിടെ ഇരുന്നില്ലേ? ടിവി കണ്ടോളാം.”
“ഒത്തിരി ഉറക്കെ വെക്കരുതു കേട്ടോ…”

അമ്മ ഗേറ്റ് അടച്ചിട്ടു പോയതും കതകിന്‍റെ കുറ്റിയിട്ടിട്ട് ഐവാന്‍ മാലാഖമാരുടെ മുറിയിലേക്ക് ഓടിപ്പോയി.
വാതില്‍ തുറന്ന് അവന്‍ അകത്തേക്കു കയറി. അവിടെവച്ച ചോക്ലേറ്റും വെള്ളവും അവര്‍ എടുത്തിട്ടില്ല.
മിഖയേല്‍മാലാഖ ജനലില്‍ക്കൂടി പുറത്തേക്കു നോക്കി നില്‍ക്കുന്നു. ഗബ്രിയേല്‍, ജോഫിയേല്‍ മാലാഖമാര്‍ എന്തോ സംസാരിച്ചുകൊണ്ടു നില്‍ക്കുന്നു.
“എന്താ ഞാന്‍ വെച്ച ചോക്ലേറ്റ് കഴിക്കാഞ്ഞത്? വെള്ളവും കുടിച്ചില്ല.”
ജോഫിയേല്‍ മാലാഖയാണ് അതിന് ഉത്തരം പറഞ്ഞത്:
“രാത്രിയില്‍ നല്ല ക്ഷീണമുണ്ടായിരുന്നു. ഉറങ്ങിപ്പോയി പിങ്ക്ളാങ്കീ, പിന്നെ ഞങ്ങള്‍ക്ക് ഇതൊന്നും വേണ്ട കേട്ടോ.”

“മന്നാ ഉണ്ടാക്കാന്‍ ഇവിടെ ആര്‍ക്കും അറിയില്ല.”
“മന്നാ വേണമെന്ന് ആരാ പറഞ്ഞത്?”
മാലാഖാമാര്‍ മൂന്നുപേരും ചിരിച്ചു.
“നീ എന്താ മറ്റു രണ്ടുപേരെ തുറന്നുവിടാഞ്ഞത്?”
“ഞാനോര്‍ത്തു, നിങ്ങള്‍ അതു ചെയ്തു കാണുമെന്ന്. മിഖായേല്‍മാലാഖയ്ക്കു നല്ല ശക്തിയുണ്ടല്ലോ എന്നും ഓര്‍ത്തു.”
“ഞങ്ങള്‍ നീ വരാന്‍ നോക്കിയിരിക്കുകയായിരുന്നു, എന്നാല്‍ തുറന്നോ.”

നാലാമത്തെ മാലാഖയുടെ അടുത്തെത്തി പൊതിഞ്ഞ പ്ലാസ്റ്റിക് കവറില്‍ കൈവച്ചതും പുറത്തേക്കു വന്നത് റാഫേല്‍ മാലാഖയാണ്.
“ഇത് റാഫേല്‍ മാലാഖയല്ലേ, അസുഖങ്ങളില്‍നിന്നു സുഖപ്പെടുത്തുന്ന മാലാഖ.”
“എന്നെ എങ്ങനെ മനസ്സിലായി?”
“ഞാന്‍ കണ്ടിട്ടുണ്ട്, എനിക്ക് പനിപിടിച്ച് ആശുപത്രിയില്‍ കിടന്നപ്പോള്‍ എന്‍റെ കട്ടിലിന്‍റെ പുറകില്‍ വന്നുനിന്നത് എനിക്ക് ഓര്‍മയുണ്ട്.”
“ആണോ, അത് ഓര്‍മയുണ്ടോ? എങ്കില്‍ പറ, ഞാന്‍ അന്നിട്ടിരുന്ന വേഷം എന്തായിരുന്നു?”
‘ഇപ്പോള്‍ ഇട്ടിരിക്കുന്നതുതന്നെ, നല്ല തിളങ്ങുന്ന പച്ചക്കുപ്പായം, ആ ഉടുപ്പില്‍ ത എന്നൊരു ചിഹ്നം ഉണ്ടായിരുന്നു.
“പിങ്ക്ളാങ്കീ, നീ ആള് കൊള്ളാമല്ലോ, ഇതുകൂടി ഓര്‍ത്തുവച്ചിട്ടുണ്ടോ?”

“പിന്നെ, ആരെങ്കിലും വയ്യാതെ കിടന്നാല്‍ അമ്മ റാഫേല്‍ മാലാഖയുടെ നൊവേന ചൊല്ലും, താഴത്തെ പ്രാര്‍ഥനാമുറിയില്‍ ഒരു പുസ്തകത്തില്‍ നൊവേനയുണ്ട്. പനി മാറിയപ്പോള്‍ എനിക്കു താങ്ക്സ് പറയണം എന്നുണ്ടായിരുന്നു. പക്ഷേ, അപ്പോഴേക്കും മാലാഖ പോയി.”
“അതിനെന്താ, ഇപ്പോള്‍ പറഞ്ഞോ.”
പിങ്ക്ളാങ്കി മാലാഖയുടെ കൈപിടിച്ചിട്ടു പറഞ്ഞു: “താങ്ക്സ്.”
“നിനക്ക് അടുത്ത മാലാഖയെ കാണേണ്ടേ?” ഗബ്രിയേല്‍ മാലാഖ ചോദിച്ചു.
“വേണം.”
“പിന്നെയെന്താ നോക്കിനില്‍ക്കുന്നത്?”
അവന്‍ ഏറ്റവും അറ്റത്തിരിക്കുന്ന മാലാഖയെ സമീപിച്ചതും ഏരിയല്‍ മാലാഖ പുറത്തേക്കുവന്നു. അതൊരു സ്ത്രീരൂപമായിരുന്നു. തലയില്‍ കിരീടം, വയലറ്റുനിറത്തിലെ ഉടുപ്പ്, രാജ്ഞിയുടേതുപോലെ കിരീടം.
“ഞാന്‍ ഈ കിരീടത്തില്‍ ഒന്നു തൊടട്ടേ?”
ഏരിയല്‍ മാലാഖ കുനിഞ്ഞ് പിങ്ക്ളാങ്കിയുടെ തലയില്‍ തലോടി, അവന്‍ ആ കിരീടത്തില്‍ മെല്ലെ തൊട്ടുനോക്കി.

“ഷാജിച്ചായന്‍ പറഞ്ഞു, മാലാഖ മൃഗങ്ങളുടെയും കാടിന്‍റെയും പ്രകൃതിയുടെയും ഇന്‍ചാര്‍ജ് ആണെന്ന്. എത്രനാളായി ഞാന്‍ ഒരു നായക്കുട്ടിയെ ചോദിക്കുന്നു. അമ്മ സമ്മതിക്കുന്നില്ല, എനിക്ക് ഒരു നായ്ക്കുട്ടി, അല്ലെങ്കില്‍ പൂച്ചക്കുട്ടിയാണെങ്കിലും മതി, തരുമോ? ഞാന്‍ പൊന്നുപോലെ നോക്കാം.”
“നോക്കട്ടെ, നീ നല്ലകുട്ടിയായി ഇരുന്നാല്‍ തരാം.”
“ഞാനിപ്പോള്‍ നല്ല കുട്ടിയല്ലേ?”
“അതേ, നീ നല്ല കുട്ടിയാണ്, അതുകൊണ്ടാണല്ലോ, ഞങ്ങള്‍ നിന്നോടു കൂട്ടുകൂട്ടുന്നത്.”
“ഇനി കുറച്ചുകൂടെ നല്ല കൊച്ചാകാന്‍ എന്തു ചെയ്യണം?”
“നീ എന്തെങ്കിലും തെറ്റു ചെയ്യുമ്പോള്‍ ഞാന്‍ പറയാം കേട്ടോ.”
താഴെ അമ്മ ഗേറ്റു തുറക്കുന്ന ശബ്ദം കേട്ടു, വാതില്‍ പതുക്കെ അടച്ചിട്ട് ജനാലയില്‍കൂടെ നോക്കി, അതേ, അമ്മയാണ്.

വാതില്‍ തുറന്നു, അമ്മ അകത്തുവന്നതും ഒരു ചെറിയ പൊതി അവനെ ഏല്പിച്ചു. അതില്‍ ലഡ്ഡു ആയിരുന്നു.
“താങ്ക്സ് അമ്മാ.”
“മുഴുവനും ഇപ്പോള്‍ത്തന്നെ കഴിച്ചുതീര്‍ക്കരുത്, ഉച്ചയ്ക്ക് ഉണ്ണാനുള്ളതാണ്.”
പിങ്ക്ളാങ്കി അമ്മയ്ക്കും ഒരു ലഡ്ഡു കൊടുത്തു, അവനും ഒരെണ്ണം കഴിക്കാന്‍ തുടങ്ങി.
ഉച്ചയ്ക്ക് ഉണ്ണാനിരുന്നപ്പോള്‍ അവന്‍ അമ്മയോടു ചോദിച്ചു:
“അമ്മേ എനിക്ക് ഒരു പട്ടിക്കുഞ്ഞിനെ വാങ്ങിത്തരുമോ?”
“നിന്നോടു ഞാന്‍ പറഞ്ഞതല്ലേ? അമ്മയ്ക്ക് ഇവിടെ പിടിപ്പതു പണിയില്ലേ? അതിന്‍റെ കൂടെ പട്ടിക്കുഞ്ഞിനെ ഞാന്‍ എങ്ങനെ നോക്കും?”
“ഞാന്‍ അമ്മയെ സഹായിക്കാം, ഞാന്‍ നോക്കാം!”
അമ്മ എന്തോ ആലോചിച്ചിട്ടു പറഞ്ഞു: “ഞാന്‍ പപ്പയോടു പറയാം, പപ്പ സമ്മതിച്ചാല്‍ വാങ്ങാം.”
“പപ്പ സമ്മതിക്കും.”
അമ്മ ഉച്ചയ്ക്ക് ഉറങ്ങുമെന്നു കരുതി അവന്‍ കാത്തിരുന്നെങ്കിലും അത് ഉണ്ടായില്ല.
പിങ്ക്ളാങ്കിയുടെ മനസ്സില്‍ മുഴുവനും പപ്പയെ പറഞ്ഞു സമ്മതിപ്പിക്കുന്നതെങ്ങനെ എന്നായിരുന്നു. ഏതിനം പട്ടിക്കുട്ടിയെ വാങ്ങണം? മനസ്സില്‍ അവന്‍ പ്രാര്‍ഥിച്ചു.

“എന്‍റെ ഏരിയല്‍ മാലാഖയേ, എനിക്ക് ഒരു പട്ടിക്കുട്ടിയെ വാങ്ങിത്തരാന്‍ പപ്പയ്ക്കു തോന്നണേ.”
രാത്രിയില്‍ പപ്പ വരുന്നതുവരെ ഉറങ്ങാതെ കാത്തിരുന്നു. പതിവുപോലെ പപ്പ അവനു കാഡ്ബറിസ് ചോക്ലേറ്റ് കൊടുത്തു. കുളിക്കാന്‍ പോയി ഐവാന്‍ കുളിമുറിയുടെ വാതില്‍ക്കല്‍ത്തന്നെ കാത്തിരുന്നു.
“എന്താടാ, ഇവിടെ, പോയി കഴിക്കാന്‍ പാടില്ലായിരുന്നോ?”
“പപ്പ വന്നിട്ടു മതി.”
“എന്താ ഒരു കള്ളലക്ഷണം? എന്താ വേണ്ടത്?”
“എനിക്കൊരു പട്ടിക്കുട്ടിയെ വേണം.”
“പിങ്ക്ളാങ്കി, അമ്മ സമ്മതിക്കില്ല, വെറുതെ എന്തിനാ അവളെ ദേഷ്യം പിടിപ്പിക്കുന്നത്?”
“പപ്പ സമ്മതിച്ചാല്‍ വാങ്ങിത്തരാമെന്ന് അമ്മ പറഞ്ഞു.”
“അമ്മ അങ്ങനെപറഞ്ഞോ? അവള്‍ സമ്മതിച്ചാല്‍ നമുക്കു വാങ്ങാം.”
“എനിക്ക് ബീഗിള്‍ മതി പപ്പാ.”
“പട്ടിയുടെ പേരാണോ?”
“പേരല്ല, ഒരിനം നായ.”

“ഇതൊന്നും പപ്പയ്ക്ക് അറിയില്ല, അതിന് എവിടെ വാങ്ങാന്‍ കിട്ടും?”
“കോട്ടയത്ത് ഒരിടത്തുണ്ട്ന്നെു വിശാല്‍ പറഞ്ഞു.”
“വലിയ വിലയുള്ള ഇനമാണോ?”
“കുറച്ചു വിലയുണ്ട്. പിന്നെ ചെറിയ ഇനമാണ്, എനിക്കു നോക്കാന്‍ എളുപ്പമുണ്ട്.”
പപ്പ ചിരിച്ചിട്ടു ചോദിച്ചു: “നീ ആണോ നോക്കാന്‍ പോകുന്നത്?”
“ഞാന്‍ നോക്കാം പപ്പാ, ഇതിന് ഒരുപാട് ഭക്ഷണമൊന്നും വേണ്ട, കാണാനും നല്ല രസമാണ്.”
“ശരി, ഞായറാഴ്ചയാവട്ടെ. നമുക്കു പോകാം.”
അത്താഴസമയത്ത് ഐവാന്‍ അമ്മയോടു പറഞ്ഞു: “പപ്പ ഒരു ബീഗിള്‍ പട്ടിക്കുട്ടിയെ വാങ്ങാമെന്നു സമ്മതിച്ചു.”
“ബീഗിള്‍…? അതിനെ എവിടെ വാങ്ങാന്‍ കിട്ടും?”
“വിശാലിന്‍റെ ചിറ്റപ്പന്‍റെ വീട്ടിലുണ്ട്, ഞാന്‍ അവനോടു ചോദിക്കാം.”

“എല്ലാ വീട്ടിലും വളര്‍ത്തുമൃഗത്തിനെ വാങ്ങുമ്പോള്‍ പിള്ളേര് നോക്കാം എന്നൊക്കെ പറയും, പക്ഷേ, അവസാനം അത് അവിടുത്തെ അമ്മയുടെ ജോലിയാകും.”
“ഇല്ലമ്മേ, പ്രോമിസ്, ഞാന്‍ നോക്കാം, നടക്കാന്‍ കൊണ്ടുപോകാം, കൂട് വൃത്തിയാക്കാം, ഭക്ഷണവും കൊടുക്കാം.”
“കുറെ നാളായില്ലേ ഈ ആഗ്രഹം പറയുന്നു, നമുക്കു വാങ്ങാം.”
പപ്പയും അമ്മയും സമ്മതിച്ചതേ, മാലാഖമാരോട് ഇതു പറയാന്‍ അവനു തിടുക്കമായി.
രാവിലെയേ ഇനി അതു സാധിക്കൂ.
രാത്രിയില്‍ സ്വപ്നത്തില്‍ പല വലുപ്പത്തിലും നിറത്തിലുമുള്ള ബീഗിള്‍നായ്ക്കള്‍ അവനെ കാണാന്‍ വന്നു. ബ്രൗണ്‍ നിറത്തിലുള്ളത്, വെള്ളനിറത്തിലുള്ളത്, കറുപ്പും വെള്ളയുമുള്ളത് അങ്ങനെ പലതരം. അവനു വെള്ളയും ബ്രൗണുമാണ് ഇഷ്ടമായത്.
എന്തൊക്കെയോ സ്വപ്നം കണ്ട് അവന്‍ ഉറങ്ങിപ്പോയി.

തുടരും ….

പുഷ്പമ്മ ചാണ്ടി, ചെന്നൈ

പിങ്ക്ളാങ്കിയും അഞ്ച് മാലാഖമാരും

Send your news and Advertisements

You may also like

error: Content is protected !!