ദില്ലി: ഡോ. വി നാരായണന്‍ ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍. കന്യാകുമാരി സ്വദേശിയായ നാരായണൻ നിലവിൽ തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്‌സി) ഡയറക്ടർ ആണ്. നിലവിലെ ചെയർമാനായ ഡോ. എസ് സോമനാഥ് ജനുവരി 14-ന് വിരമിക്കും. ശേഷമാകും നാരായണൻ ചെയർമാനായി ഉത്തരവാദിത്തം ഏറ്റെടുക്കുക. ഡോ. വി നാരായണനെ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും സ്പേസ് കമ്മിഷൻ ചെയർമാനുമായി കേന്ദ്രസർക്കാർ നിയമിച്ചിരിക്കുന്നത്. ഈ രണ്ടു ചുമതലകളും വഹിക്കുന്നവരാണു സ്വാഭാവികമായി ഐഎസ്ആർഒ ചെയർമാൻ പദവിയും കൈകാര്യം ചെയ്യുന്നത്. നിലവിൽ ഡോ. എസ്.സോമനാഥിനാണ് ഈ മൂന്നു ചുമതലകളും വഹിക്കുന്നത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പൂരിലെ പൂർവ്വ വിദ്യാർത്ഥിയാണ് ഡോ. വി നാരായണൻ. എംടെക്കും 1989-ൽ ക്രയോജനിക് എഞ്ചിനീയറിംഗിൽ ഒന്നാം റാങ്കും 2001-ൽ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ പി.എച്ച്.ഡിയും നേടി. ഖരഗ്‌പൂർ ഐഐടിയിൽ നിന്ന് എംടെക്കിൽ ഒന്നാം റാങ്കിന് വെള്ളി മെഡലും ആസ്‌ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സ്വർണ്ണ മെഡലും നേടിയിട്ടുണ്ട്. റോക്കറ്റിനും അനുബന്ധ സാങ്കേതികവിദ്യകൾക്കുമുള്ള എഎസ്ഐ അവാർഡ്, ഹൈ എനർജി മെറ്റീരിയൽസ് സൊസൈറ്റി ഓഫ് ഇന്ത്യയിൽ നിന്നുള്ള ടീം അവാർഡ്, ഐഎസ്ആർഒയുടെ മികച്ച നേട്ടങ്ങളും പ്രകടന മികവുമുള്ള അവാർഡുകളും ടീം എക്സലൻസ് അവാർഡുകളും ചെന്നൈയിലെ സത്യബാമ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ഓഫ് സയൻസ് (ഹോണറിസ് കോസ) ഓണററി ബിരുദവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
വിവിധ ദേശീയ അന്തർദേശീയ പ്രൊഫഷണൽ ബോഡികളിൽ അംഗമാണ്. ഗവേണിംഗ് കൗൺസിൽ അംഗമായും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ (ഐഐഎസ്‌ടി) ബോർഡ് അംഗമായും ചില എഞ്ചിനീയറിംഗ് കോളേജുകളിലെ അക്കാദമിക് കൗൺസിൽ അംഗമായും സേവനമനുഷ്ഠിക്കുന്നു. ധാരാളം സാങ്കേതിക പ്രബന്ധങ്ങൾ ഡോ. വി നാരായണൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐ.ഐ.ടി.യും എൻ.ഐ.ടി.യും ഉൾപ്പെടെയുള്ള എൻജിനീയറിങ് സ്ഥാപനങ്ങളിൽ ധാരാളം മുഖ്യപ്രഭാഷണങ്ങളും കോൺവൊക്കേഷൻ പ്രസംഗങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.
റോക്കറ്റ് & സ്പേസ് ക്രാഫ്റ്റ് പ്രൊപ്പൽഷൻ വിദഗ്ധനായ ഡോ. വി നാരായണൻ 1984-ൽ ഐഎസ്ആർഒയിൽ ചേരുകയും എൽപിഎസ് സിയുടെ ഡയറക്ടറാകുന്നതിന് മുമ്പ് വിവിധ പദവികളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
ഇത് ഏറെ നിര്‍ണായകമായ ഉത്തരവാദിത്വമാണെന്നും വിക്രം സാരാഭായി അടക്കമുള്ള പ്രമുഖർ വഹിച്ച സ്ഥാനത്തേക്ക് പരിഗണിച്ചതിൽ രാജ്യത്തോടും പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാരിനോടും നന്ദി പറയുന്നു എന്ന് അദ്ദേഹം പറഞ്ഞു.