Thursday, July 17, 2025
Mantis Partners Sydney
Home » കോർപ്പറേറ്റ് ഗോഡസ്സ്
നോവൽ - കോർപ്പറേറ്റ് ഗോഡസ്സ് - അധ്യായം 1

കോർപ്പറേറ്റ് ഗോഡസ്സ്

അദ്ധ്യായം 1

by Editor

മഹാഗൗരിയുടെ മനസ്സ് ആനന്ദംകൊണ്ടും അഭിമാനം കൊണ്ടും പുളകിതമായി. ഇന്ന് ഏറെ പ്രത്യേകതകളുളള ദിവസം, പറഞ്ഞറിയിക്കാന്‍ കഴിയാത്ത നിര്‍വൃതി. അവരുടെ വാര്‍ത്താചാനലിന് ഇന്ന് മൂന്നാണ്ടു തികയുകയാണ്. സ്വയം പ്രശംസിക്കാന്‍ തോന്നുന്ന നിമിഷങ്ങള്‍!

തെളിഞ്ഞ ആകാശം. ആകാശത്തുനിന്നും ഇളംനീലനിറമുള്ള മേഘത്തുണ്ടുകള്‍ താഴേക്കിറങ്ങി വരുന്നതുപോലെ. ചിങ്ങപ്പിറവി കൂടിയാണിന്ന്. കര്‍ക്കിടകത്തിന്റെ മൂടലും മഴയും മാറി, കേരളക്കരയാകെ പൂക്കളുടെ സൗരഭ്യത്താല്‍ കുളിര്‍ന്നുലയുന്ന ചിങ്ങനാളുകള്‍…

തരംഗം ടി.വിയുടെ കോര്‍പ്പറേറ്റ് കെട്ടിടത്തിനു ചുറ്റും പുല്‍ത്തകിടി. അതിലങ്ങിങ്ങായി ചെറിയ കുളങ്ങളില്‍ വിവിധ നിറങ്ങളിലുള്ള ആമ്പലുകള്‍ പുഞ്ചിരി പൊഴിക്കുന്നു. വെള്ളയും വയലറ്റും പൂക്കള്‍ വിരിയുന്ന ആമ്പലുകളാണു കൂടുതലും. എങ്ങോട്ടു നോക്കിയാലും ഉത്സാഹത്തിമിര്‍പ്പുളവാക്കുന്ന പരിസരം. ഓണം, ഇങ്ങെത്തിക്കഴിഞ്ഞു.

ആഘോഷങ്ങള്‍ക്കെല്ലാം ചുറ്റുപാടുകളില്‍ ഒരു പ്രത്യേകത സൃഷ്ടിക്കാന്‍ കഴിയും; എല്ലാ മുഖങ്ങളിലും സന്തോഷം പകര്‍ന്നു നല്‍കാനും.

മേധാവിയായി ഒരു സ്ത്രീ വരുന്ന വാര്‍ത്താചാനല്‍ കേരളത്തില്‍ തുടങ്ങാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ മിക്കവരും പ്രതികൂലമായാണു പ്രതികരിച്ചത്. അവരുടെ എതിര്‍പ്പുകളാണ് യഥാര്‍ത്ഥത്തില്‍ മഹാഗൗരിയെ ഇങ്ങനെയൊരു സംരംഭം തുടങ്ങാന്‍ പ്രേരിപ്പിച്ചതെന്നും പറയാം. വെല്ലുവിളികള്‍ക്ക് മീതെ വളര്‍ന്നു പടര്‍ന്നവളാണ് മഹാഗൗരി.

വെള്ളിയാഴ്ചകളില്‍ വൈകുന്നേരം ഏഴുമുതല്‍ ഒന്‍പതുവരെ പ്രക്ഷേപണം ചെയ്യുന്ന ‘നിങ്ങള്‍ അറിയാത്ത ഞാന്‍’ എന്ന ടോക്ക് ഷോയാണ് തരംഗം ചാനലിന്റെ ഇപ്പോഴത്തെ ഹൈലൈറ്റ് പ്രോഗ്രാം.
ടി.ആര്‍.പി. റേറ്റിംഗില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന പരിപാടി. ഇന്ന്, ചിങ്ങം ഒന്നിന് പ്രോഗ്രാമിന്റെ നൂറാമത്തെ എപ്പിസോഡാണ്.

യുവ വ്യവസായ പ്രമുഖനും ഇന്ത്യന്‍ സിവില്‍ സര്‍വ്വീസില്‍ ആദ്യ വട്ടംതന്നെ ഐ.പി.എസ് നേടി, സ്വന്തം നാട്ടില്‍ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് എന്ന മോഹപദവിയില്‍ തുടക്കംകുറിച്ചയാളുമായ ഗിരിധര്‍ മഹാദേവന്‍. പിതാവിന്റെ മരണത്തോടെ ജോലി വേണ്ടെന്നുവയ്ക്കുകയും, വ്യവസായത്തിലേക്കു തിരികെയെത്തുകയും ചെയ്തു. സ്വന്തമായി മദ്യഡിസ്റ്റിലറി, കൂടാതെ, കെട്ടിടനിര്‍മ്മാണം, സിമന്റ് ഫാക്ടറി തുടങ്ങിയ ബിസിനസ്സ് തലങ്ങള്‍ വേറെയും. മഹാദേവ് ഗ്രൂപ്പിനില്ലാത്ത വ്യവഹാരങ്ങള്‍ ഒന്നുംതന്നെയില്ലെന്നു പറയാം.

ഇതൊന്നും തനിക്കു ചേരുന്ന പണിയല്ലായെന്നു പറഞ്ഞു മാറിനിന്ന ഗിരിധര്‍ മഹാദേവന്‍ കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് ആര്‍ക്കും മായ്ച്ചുകളയാനാവാത്ത തന്റേതുമാത്രമായ ഒരടയാളം, ബിസിനസ് സാമ്രാജ്യത്തില്‍ വരഞ്ഞിട്ടു.

അടുത്തു നടക്കാന്‍പോകുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികൂടിയാണ് ഗിരിധര്‍. ഇയാളെപ്പറ്റി ഇതുവരെ ഒരപവാദവും കേട്ടിട്ടില്ല. സദാചാര നിഷ്ഠയില്‍നിന്നു വ്യതിചലിക്കാത്ത സവിശേഷവ്യക്തിത്വം!

അലക്‌സാണ് പതിവായി ഈ പ്രോഗ്രാം അവതരിപ്പിച്ചിരുന്നത്. അഭിമുഖ സംഭാഷണങ്ങളിലെ സിംഹം, തന്റെ വാക്ചാതുരികൊണ്ട് ആരെയും ഉത്തരംമുട്ടിക്കുന്നയാള്‍. ഏറ്റവും പ്രമുഖമായ മറ്റൊരു ചാനലില്‍നിന്ന് മഹാഗൗരി റാഞ്ചിയെടുത്ത അതിബുദ്ധിമാനാണ് അലക്‌സ് മാത്യു.

എന്നാല്‍, ചിങ്ങം ഒന്നിന്റെ സ്‌പെഷ്യല്‍ ഷോ മഹാഗൗരിയാണ് നയിക്കുന്നത്. തരംഗം ചാനലിന്റെ സി.ഇ.ഒ. നിയന്ത്രിക്കുന്ന പ്രത്യേക തത്സമയപരിപാടി.

മഹാഗൗരി തന്റെ കസേരയില്‍ ഒന്നമര്‍ന്നിരുന്നു. എഴുതിവെച്ച ചോദ്യങ്ങളില്‍ ഒന്നുകൂടി കണ്ണോടിച്ചു. പതിവുള്ള പാശ്ചാത്യ വസ്ത്രധാരണശൈലി മാറ്റി തനി മലയാളിമങ്കയെപ്പോലെ കസവുകരയുള്ള ബാലരാമപുരം കൈത്തറിസാരിയാണിന്ന് ഗൗരിയുടെ വേഷം. ചുവപ്പും പച്ചയും ഇടകലര്‍ന്ന ഡിസൈനര്‍ ബ്ലൗസ്, കാതില്‍ വലിപ്പമുള്ള ജിമിക്കി, നീണ്ട പൊട്ടും ചന്ദനക്കുറിയും. ചന്ദനത്തിന്റെ നിറമുള്ള ദേഹകാന്തിയില്‍ കുറിയിട്ടത് പ്രത്യേകം എടുത്തു കാണിക്കുന്നില്ല. കഴുത്തില്‍ ആഭരണമൊന്നും ഇടാന്‍ തോന്നിയില്ല. നഗ്‌നമായ നീണ്ട കഴുത്ത് എത്ര ആകര്‍ഷകമാണ്. മഹാഗൗരിയുടെ കണ്ഠനാളത്തില്‍നിന്നു നഗ്‌നസത്യങ്ങള്‍മാത്രം പുറത്തുവരട്ടെ.

സഹപ്രവത്തകര്‍ കരുതിയത്, മൂന്നാം വാര്‍ഷികത്തിന്റെ ഒരുക്കമാണിതൊക്കെയെന്നാണ്. അതല്ല, ഇന്ന് ഈ രാത്രി ഗിരിധര്‍ മഹാദേവന്‍ ഉറങ്ങാന്‍ പാടില്ല. അയാളുടെ ചിന്തകളില്‍ ഈ ദിവസം ഇനിയെന്നും ഉണര്‍വ്വോടെയുണ്ടായിരിക്കണം.
ന്യൂസ് മോങ്ങേഴ്‌സ് കഥകള്‍ മെനയണം.
ടി.ആര്‍.പി. റേറ്റിംഗ്, കഴിഞ്ഞ എപ്പിസോഡുകളെയെല്ലാം മറികടക്കണം.
തിങ്കളാഴ്ചരാത്രി പരിപാടി പുനഃപ്രക്ഷേപണം ചെയ്യുമ്പോള്‍ ജനം വീണ്ടും കാണാന്‍ കാത്തുകാത്തിരിക്കണം.
ഗൗരിയുടെ മനസ്സ് ആഗ്രഹിച്ചുകൊണ്ടിരുന്നു.
‘അതിമോഹം ആണെങ്കില്‍ ക്ഷമിക്കണേ ഭഗവാനേ’
ആഗ്രഹിക്കാമല്ലോ, അതിനെന്താ കുഴപ്പം?

ഭിത്തിയില്‍ പിടിപ്പിച്ചിരുന്ന സി. സി. ടി. വിയില്‍ അയാള്‍ താഴെ വന്നിറങ്ങുന്നതു കാണാം. മുന്‍പിലും പിന്‍പിലും വലിയ കാറുകള്‍. കൂടെ അംഗരക്ഷകരായ തോക്കുധാരികള്‍. പുതിയ മിഡ്‌നൈറ്റ് ബ്‌ളൂ ബി. എം. ഡബ്‌ള്യു കാര്‍ വന്നു നില്‍ക്കുന്നു. വാതില്‍ തുറന്നുകൊടുക്കുന്ന സെക്യൂരിറ്റി. ജനസേവകനാവാന്‍ പോകുന്ന ഓരാളിന് ഇത്രയധികം അകമ്പടിയോ? ജീവിക്കാന്‍ ഇവര്‍ക്കൊക്കെ ഇത്രയും കൊതിയോ?

ഇന്റര്‍കോമിലൂടെ മഹാഗൗരി പി. ആര്‍. ഒ. രൂപിണിയെ വിളിച്ചു.
“അയാളെത്തി, ഒന്നുപോയി സ്വീകരിക്കൂ. ഞാന്‍ ഇപ്പോള്‍ വരുന്നില്ല, ഇന്റര്‍വ്യൂ സമയത്തുമാത്രം അയാള്‍ എന്നെ കണ്ടാല്‍ മതി. വി. ഐ. പി. റൂമില്‍ എല്ലാ സൗകര്യങ്ങളും ഉണ്ടല്ലോ? ടേക്ക് ഗുഡ് കെയര്‍ ഓഫ് ഹിം.”
സമയം 6.55 കൗണ്ട് ഡൗണ്‍ തുടങ്ങുകയായി. അവള്‍ പതുക്കെ എഴുന്നേറ്റു, സാരി നേരെയാക്കി. ഗീത വന്നു ടച്ചപ്പ് ചെയ്തു.

ഗീതയുടെ കണ്ണുകളില്‍ തന്നോടുളള ആരാധന നിഴലിക്കുന്നത് മഹാഗൗരി ആസ്വദിച്ചു. ഗൗരിയുടെ സ്‌റ്റൈലിസ്റ്റാണ് ഗീത. കഴിഞ്ഞ മൂന്നു വര്‍ഷമായി കൂടെയുണ്ട്. അവളുടെ കൈകളാല്‍ മഹാഗൗരി കൂടുതല്‍ സുന്ദരിയായിരിക്കുന്നു. ഇന്നത്തെ പ്രോഗ്രാം കഴിയുമ്പോള്‍ സ്ത്രീകള്‍ ഈ വേഷവിധാനത്തെപ്പറ്റി പരസ്പരം സംസാരിക്കുമെന്നത് ഉറപ്പാണ്.

വളരെ സാവധാനത്തില്‍ കൂടിക്കാഴ്ചയ്ക്കുള്ള ഫ്‌ളോറിലേക്കു മഹാഗൗരി നടന്നടുത്തു. വലതുവശത്തുനിന്ന് അവളും ഇടതു വശത്തുനിന്നു ഗിരിധര്‍ മഹാദേവനും!
വെളിച്ചം എല്ലായിടത്തും നിറഞ്ഞു. ഭാരതസ്ത്രീ, എങ്ങനെ ആയിരിക്കണമെന്ന സങ്കല്പങ്ങളെ മാറ്റിവെച്ച്, ഹസ്തദാനം ചെയ്യുകയാണ് ഗൗരിയുടെ സാധാരണ രീതി. പക്ഷേ, ഇന്ന് അതുണ്ടായില്ല. ഒരു നമസ്‌കാരത്തില്‍മാത്രം ഒതുക്കിയ അഭിവാദ്യം.

‘നിങ്ങള്‍ അറിയാത്ത ഞാന്‍’ എന്ന ടോക്ക്‌ഷോയിലേക്ക് ഏവര്‍ക്കും സുസ്വാഗതം. ഞങ്ങളുടെ, അല്ല നിങ്ങളുടെ, അതുമല്ല, നമ്മുടെ ഈ ചാനല്‍ മൂന്നു വര്‍ഷങ്ങള്‍ തികയ്ക്കുന്ന സുദിനത്തില്‍, ശ്രീ ഗിരി ധര്‍ മഹാദേവനെപ്പോലെ ഒരാളെ നമ്മുടെ അതിഥിയായി കിട്ടിയതില്‍ വളരെ സന്തോഷമുണ്ട്. അദ്ദേഹത്തിന് ഒരു മുഖവുരയുടേയും ആവശ്യമില്ല. എന്നിരുന്നാലും, നമുക്കറിയാന്‍ പാടില്ലാത്ത അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ഈ വേദിയില്‍ അദ്ദേഹം നമ്മളുമായി പങ്കുവെക്കുന്നതായിരിക്കും. “സ്വാഗതം ശ്രീ ഗിരിധര്‍. നമുക്ക്, ഇരുന്നു സംസാരിക്കാം.”

പ്രസന്നവദനനായി തലയാട്ടിയിട്ട് ഗിരിധര്‍ സോഫയില്‍ ഇരുന്നു. എതിരെയുള്ള സോഫയില്‍ മഹാഗൗരിയും.
“താങ്കളുടെ കുടുംബപശ്ചാത്തലം ഒന്നു വിവരിക്കാമോ, എല്ലാവര്‍ക്കും അറിയാം, എങ്കിലും…”
ഗിരിധര്‍ സംസാരിച്ചുതുടങ്ങി: “ഇന്ന് ഇവിടെ വരാന്‍ സാധിച്ചത് മഹാഭാഗ്യമായി ഞാന്‍ കരുതുന്നു. ശ്രീ അലക്‌സ് മാത്യുവിനു പകരം, ചാനലിന്റെ സി.ഇ.ഒ. തന്നെ നേരിട്ട് എന്നെക്കുറിച്ച് ചോദിച്ചറിയാന്‍ വന്നതും, ഇത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടിയുമായി വേദി പങ്കിടാന്‍ സാധിക്കുന്നതും ഭാഗ്യം.”
അതു പറയുമ്പോള്‍ അയാള്‍ അവളെ കണ്ണുകളില്‍ ആവാഹിച്ചതുപോലെ തോന്നി.

ഞാന്‍ ജനിച്ചതും വളര്‍ന്നതും നമ്മുടെ തലസ്ഥാനനഗരിയില്‍. അച്ഛന്‍ മഹാദേവന്‍, അമ്മ ലളിതാംബിക, രണ്ടുപേരും ഇന്നില്ല. ഒരു സഹോദരി ചിത്ര, അവര്‍ കുടുംബസമേതം അമേരിക്കയിലാണ്. പഠനം, പത്താം ക്ലാസ്സ് വരെ വീടിനടുത്തുളള കോണ്‍വെന്റ് സ്‌കൂളില്‍. കോളേജ് പഠനം ചെന്നൈയില്‍, സിവില്‍ സര്‍വീസ് കോച്ചിങ്ങ് ഡല്‍ഹിയിലായിരുന്നു. ആദ്യ പോസ്റ്റിങ്ങ് തിരുവനന്തപുരത്തുതന്നെ കിട്ടി. പക്ഷേ, അച്ഛന്റെ മരണശേഷം ജോലി രാജിവെക്കേണ്ടി വന്നു.

“ഇത്രയും, കഷ്ടപ്പെട്ട് പഠിച്ചു സമ്പാദിച്ച ജോലി വേണ്ടെന്നു വെച്ചപ്പോള്‍ വിഷമം തോന്നിയില്ലേ?”
“തീര്‍ച്ചയായും, പക്ഷേ, സാഹചര്യങ്ങള്‍ ചിലപ്പോള്‍ നമ്മെക്കൊണ്ട് ഇഷ്ടമുള്ള പലതും വേണ്ടെന്നു വെപ്പിക്കും.”
“വിവാഹിതനാണോ?”
“ആയിരുന്നു, ഇപ്പോള്‍ അല്ല.”
പെട്ടെന്നാണ് അവള്‍ ആ ചോദ്യം ചോദിച്ചത്.
“വണ്ടി ഓടിക്കുമോ?”
“തീര്‍ച്ചയായും, എന്റെ ഇരുപതുകളില്‍ കാര്‍ റേസിംഗ് ഒരു പാഷന്‍ ആയിരുന്നു. ഇഷ്ടവിനോദം എന്നുതന്നെ പറയാം.”
“നമ്മുടെ സ്റ്റുഡിയോയിലേക്ക് വന്നത് സ്വയം കാറോടിച്ചാണോ?”
“സിറ്റിയില്‍ ഞാന്‍ ഇപ്പോള്‍ കാര്‍ ഓടിക്കാറില്ല. ഡ്രൈവറാണ് ഓടിച്ചത്.”
“ഡ്രൈവറുടെ പേരെന്താ?”
“പേര്…”
ഡ്രൈവറെ പേരുവിളിക്കാതെ ‘ഡ്രൈവര്‍’ എന്നുമാത്രം വിളിക്കുന്ന ഗിരിധര്‍ ഒന്ന് അസ്വസ്ഥനായെന്നു തോന്നി. കിരീടംവയ്ക്കാത്ത രാജാക്കന്മാര്‍, അവര്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അവര്‍ക്കു തോന്നുന്ന ഒരു ചേതോവികാരം ഗിരിധറിലും…
“കമ്പനിയില്‍ കുറേ ഡ്രൈവേഴ്‌സുണ്ട്, ഒരാളായിരിക്കില്ല എന്നും വരുന്നത്.”

“ശരി. ദാ, നോക്കൂ, ആരാണു നിങ്ങളോടു സംസാരിക്കാന്‍ വന്നിരിക്കുന്നതെന്ന്.”
പുറകിലുള്ള വലിയ സ്‌ക്രീനില്‍ ഒരാള്‍ വന്നുനിന്നു.
“ഹലോ ഗിരീ, ഞാന്‍ പീറ്റര്‍, എന്നെ ഓര്‍മ്മയുണ്ടോ? ഒന്നാം ക്ലാസുമുതല്‍ പത്താം ക്ലാസ്സുവരെ നമ്മള്‍ ഒന്നിച്ചായിരുന്നു.”
മഹാഗൗരി, ഗിരിധറെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു.
പീറ്ററിനെ അയാള്‍ തിരിച്ചറിഞ്ഞിട്ടില്ല.
എങ്കിലും…
“പീറ്റര്‍, സുഖമായിരിക്കുന്നുവോ?”
“സുഖം, ഗിരി നമ്മുടെ നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാണെന്നറിഞ്ഞതില്‍ സന്തോഷം. എല്ലാ ഭാവുകങ്ങളും!”
ഇത്രയുമായപ്പൊഴേ ഗിരിധര്‍ വല്ലാതെ വിയര്‍ക്കാന്‍ തുടങ്ങി.

മേശമേലിരുന്ന ഗ്ലാസില്‍നിന്നു വെള്ളമെടുത്തു കുടിച്ചു. പതുക്കെ അയാള്‍ നെഞ്ചില്‍ കൈവെച്ചു. ആ കൈയിലേക്കു വേദന പടരുന്നപോലെ. ഹൃദയമിടിപ്പ് ക്രമരഹിതമായി.
എങ്കിലും സമചിത്തത കൈവിടാതെ അയാളിരുന്നു.
“ഇപ്പോള്‍ തനിച്ചാണു ജീവിതം, എന്നല്ലേ പറഞ്ഞത്?”
“അതെ.”
“വീട്ടിലെ കാര്യങ്ങളൊക്കെ ആരാണ് നോക്കുന്നത്?”
ഇവളെന്തായിങ്ങനെ? തന്നെ ഇവിടെ വിളിച്ചുവരുത്തിയത് അടുക്കളക്കാര്യം അന്വേഷിക്കാനാണോ? അയാളോര്‍ത്തു.
“സി.ഇ.ഒ. എന്നൊക്കെ പറഞ്ഞപ്പോള്‍ കഴമ്പുള്ള ഒരു ഇന്റര്‍വ്യൂ ഞാന്‍ പ്രതീക്ഷിച്ചു.”
“ചാരിറ്റി ബിഗിന്‍സ് അറ്റ് ഹോം എന്നല്ലേ പറയുന്നത്? രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കിറങ്ങുന്ന സമ്പന്നര്‍, അവരുടെ സാമൂഹിക പ്രതിബദ്ധത ജനം അറിയുന്നതു നല്ലതാണെന്നു തോന്നി. നമ്മുടെ പ്രോഗ്രാമിന്റെ പേരും അങ്ങനെയല്ലേ?”
“നിങ്ങള്‍ അറിയാത്ത ഞാന്‍.”
“ഞങ്ങളുടെ ക്രൂ ഇപ്പോള്‍ നിങ്ങളുടെ വീട്ടില്‍ എത്തിയിട്ടുണ്ട്. കൂടെ നില്‍ക്കുന്നവരെയൊക്കെ ഞങ്ങള്‍ക്കൊന്നു പരിചയപ്പെടുത്തൂ.”
പെട്ടെന്നാണ് ഗിരിധര്‍ നെഞ്ചില്‍ കയ്യമര്‍ത്തിക്കൊണ്ടു കുഴഞ്ഞു വീണത്.
ചാനല്‍ ഫ്‌ളോര്‍ ആകെ ഞെട്ടിത്തരിച്ചു.
വേഗത്തില്‍ ആംബുലന്‍സ് വന്ന് ഗിരിധറിനെ ആശുപത്രിയിലേക്കു മാറ്റി. തരംഗം ക്രൂ മൊത്തം ആംബുലന്‍സിന് പിന്നാലെ പോയി. നടന്ന സംഭവങ്ങള്‍ ഒന്നൊന്നായി ലൈവ് സംപ്രേഷണം തുടര്‍ന്നുകൊണ്ടേയിരുന്നു.

തുടരും …

പുഷ്പമ്മ ചാണ്ടി

കോർപ്പറേറ്റ് ഗോഡസ്സ്

Send your news and Advertisements

You may also like

error: Content is protected !!