Thursday, July 17, 2025
Mantis Partners Sydney
Home » ഇലക്ഷനും പത്രോസ് ശ്ലീഹായും
ഇലക്ഷനും പത്രോസ് ശ്ലീഹായും

ഇലക്ഷനും പത്രോസ് ശ്ലീഹായും

കഥ

by Editor

പ്രചരണത്തിന്റെ തിരക്കുകൾ… വാർഡുകൾ തോറും വെയിലേറ്റുള്ള നടപ്പും അലച്ചിലും… പഞ്ചായത്തിന്റെ പതിനാറു വാർഡിന്റേയും മുക്കും മൂലയും വരെ നടന്നു തീർത്തു.
മുൻപരിചയമൊന്നുമില്ല… കന്നിയങ്കം !
മുതിർന്ന താപ്പാനകൾ കൂടെയുണ്ടു്.
ഒരു വീട്ടിലേയ്ക്കു എങ്ങനെ കയറിച്ചെല്ലണം എങ്ങനെ ചിരിക്കണം അമ്മച്ചിമാരെ എങ്ങിനെ ചേർത്തുപിടിക്കണം. ചായ തന്നാൽ കുടിയ്ക്കണം… വേണ്ടാന്നു പറയരുതു. സ്നേഹവും വിനയവും മുഖത്തു സദാ വിരിഞ്ഞു നിൽക്കണം തുടങ്ങിയ മാനറിസങ്ങളെല്ലാം പഠിപ്പിച്ചു…. പഠിച്ചു… മിക്കവാറും എല്ലാ വീടുകളും കേറി ഞങ്ങൾ വല്ല്യ പുള്ളികളാണെന്നു പരസ്പരം പറഞ്ഞു വീട്ടുകാരെ സന്തോഷിപ്പിച്ചു…അതോ വെറുപ്പിച്ചോ?

പതിവില്ലാത്ത നടത്തം. എരിവെയിലേറ്റു തളർന്നു പനി പിടിച്ചു.
കിടപ്പിലായി.

ബോധാബോധങ്ങൾ മിന്നിമറയുന്ന പനിയുടെ ആലസ്യത്തിൽ മയങ്ങിക്കിടക്കുമ്പോൾ…
“എവിടാരുന്നു?കുറച്ചു നാളായല്ലോ പള്ളിയിൽക്കണ്ടിട്ട്…”
ഞെട്ടിയുണർന്നപ്പോൾ മുന്നിൽ നിൽക്കുന്നു…
അസാധാരണമായ തേജസ്സോടു കൂടിയ ഒരു മനുഷ്യൻ!! ആ ജാനുബാഹു ദീക്ഷയുണ്ടു്, കൈയ്യിൽ വലിയ രണ്ടു താക്കോലുകൾ…

“നീ എവിടാരുന്നു.” വീണ്ടും കനമുള്ള പരുക്കൻ ശബ്ദം… പാറപ്പുറത്തു ചിരട്ട ഉരച്ച പോലെ…
സംശയമില്ല. പത്രോസ്‌ശ്ലീഹാ തന്നെ:
കണ്ണുകൾ തുറന്നു ഒന്നു നോക്കി… വേഗം കണ്ണുകൾ ഇറുക്കി അടച്ചു….
ആ മുഖത്തു നോക്കാൻ ധൈര്യം വന്നില്ല. വിക്കി വിക്കിപറഞ്ഞു. “അതു പിന്നെ ശ്ലീഹാ തെരഞ്ഞെടുപ്പു പരിപാടിയിലായിരുന്നു…”

“എന്തോന്നു തെരഞ്ഞെടുപ്പു?”
ശബ്ദത്തിൽ കാർക്കശ്യമേറിയ പോലെ…. “ഞങ്ങടെ സഹകരണബാങ്കിന്റെ ഡയറക്റ്റർ ബോർഡ് തെരെഞ്ഞടുപ്പാ..‘ഞാനും സ്ഥാനാർത്ഥിയാ… കല്യാണം കഴിഞ്ഞു അകത്തു കയറിയതാ… മുപ്പതു വർഷം കഴിഞ്ഞാ പുറം ലോകം കാണുന്നതു… അതിന്റെ ഒരു സന്തോഷം കൊണ്ടങ്ങനെ……”
കൗതുകത്തോടെ മുഖത്തേയ്ക്കുനോക്കി നിന്ന ശ്ലീഹായോട് ഒരു വിധം പറഞ്ഞൊപ്പിച്ചു.

ശ്ലീഹാ ഗൗരവം വെടിഞ്ഞു പറഞ്ഞു തുടങ്ങി
“ഞാൻ പണ്ടു മീൻപിടിച്ചു നടന്ന കാലത്തു വലയിൽ നിന്നും കൊള്ളാവുന്നതു തെരഞ്ഞെടുക്കും ചീത്ത ഗലീലാ ത്തടാകത്തിലേയ്ക്കു തന്നെ വലിച്ചെറിയും”…
ങാ .. ഏതാണ്ടു അതുപോലൊക്കെത്തന്നെയാ സംഭവം.
നല്ലതു ജനം തെരഞ്ഞെടുക്കും .. വേണ്ടാത്തവരെ വലിച്ചെറിയും.
പക്ഷേ തോൽവി എന്നാണതിനു പറയാറ്.

ശ്ലീഹാ ചോദ്യം തുടർന്നു…
“നിന്നെ തെരഞ്ഞെടുത്താൽ ജനത്തിനെന്തു ഗുണം?”
സഹകരണ ബാങ്കല്ലേ. വായ്പ അപേക്ഷകളിൽ ഒപ്പിട്ടു കൊടുക്കും അതതന്നെ പണി… തിരിച്ചടവ് മുടക്കിയവനോട് വല്ലോം ചോദിച്ചാൽ പിന്നെ മെംബറേന്നുള്ള വിളിയ്ക്കുപകരം…..
ശ്ലീഹായുടെ വലിയ മുഖത്തു ചെറു ചിരി പടർന്നു വരുന്നതു കണ്ടു.

“അതാ ഇത്ര വല്യ കാര്യം?
ആൾ ജാമ്യം കൂടാതെ അവന്റെ ആധാരവും മേടിച്ചു വെച്ചേച്ചല്ലേ…..”
അതു പിന്നെ അങ്ങനെയല്ലേ നിയമം?
എൻറെ പൊന്നു ശ്ലീഹാ വല്ല നല്ല കാര്യവും നടത്താൻ നോക്കിയാൽ നടക്കില്ല.. ഘടകകക്ഷികൾ, മുന്നണി മര്യാദകൾ പ്രതിപക്ഷം ഇതിലൊക്കെത്തട്ടിപ്പോകും… ഒരാളു വിചാരിച്ചാൽ ഒന്നും നടക്കില്ലന്നേ.

“ചുരുക്കത്തിൽ നീയൊക്കെ ഭൂമിക്കു ഭാരം” ശ്ലീഹാ പൊട്ടിച്ചിരിച്ചു.

അങ്ങനെ ആക്ഷേപിക്കരുതു ശ്ലീഹാ, കഴിഞ്ഞ പരിസ്ഥിതിദിനത്തിൽ ബാങ്കിൽ നിന്നും പ്ലാവ്, മാവ്, കശുമാവ്, പുളി, സപ്പോട്ട തുടങ്ങിയ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.
പഞ്ചായത്തിനെ ഹരിതാഭമാക്കാനാണു ലക്ഷ്യം. കോവിഡ് കാലത്തു ഭക്ഷ്യക്കിറ്റുകൾ പച്ചക്കറികൾ മരുന്നുകൾ തുടങ്ങിയവ സഹകാരികളുടെ വീടുകളിൽ എത്തിച്ചുകൊടുത്തു. വെള്ളപ്പൊക്ക ദുരിതത്തി….

അതു പൂർത്തിയാക്കാൻ ശ്ലീഹ സമ്മതിച്ചില്ല…. ഓ ശരി ശരി… എനിയ്ക്കീ ലോക കാര്യമൊന്നും കേൾക്കാൻ നേരമില്ല താല്പര്യവുമില്ല.
“ഞാൻ വേഗം ചെല്ലട്ടെ.. സ്വർഗ വാതിൽ തുറന്നു കിടക്കുവാന്നാ തോന്നുന്നെ പൂട്ടാതെയാണോ പോന്നതെന്നൊരു സംശയം .. ഈയ്യിടെയായ് മറവിയുടെ അസ്ക്യതയുണ്ട്… ആ ലൂസിഫറും സംഘവും അതികമിച്ചു കടക്കുമോന്നാ എന്റെ പേടി…
അവന്റെ പേരിലൊരു സിനിമാ ഇറങ്ങിയ ശേഷം നെഗളിപ്പു കൂടിയിട്ടുണ്ടു.

ശ്ലീഹാ വേഗം നടക്കുന്നതിനിടയിൽ വിളിച്ചു പറഞ്ഞു “കിട്ടുന്ന സിറ്റിംഗ് ഫീയും കാപ്പിയും മേടിച്ചോ പക്ഷേ ഞായറാഴ്ച പള്ളിയിൽക്കാണണം… നീ എത്ര കുബ്ബാനയും പ്രാർത്ഥനാ യോഗങ്ങളും നഷ്ടപ്പെടുത്തി?.. ശത്രുക്കളാരോ ഒറ്റിക്കൊടുത്തു ചോദിച്ചപോലെ പെട്ടെന്നായിരുന്നു ആ ചോദ്യം” തീരെ ചെറിയ ശബ്ദത്തിൽ പറഞ്ഞു “ആറു കുർബ്ബാനയും 6 പ്രാർത്ഥനാ യോഗങ്ങളും”...നീ പറയുന്ന കണക്കു ശരിയല്ല. ഞാൻ ചെന്നു കണക്കു പുസ്തകത്തിൽ നോക്കട്ടെ.. നിന്നെയൊന്നും വിശ്വസിക്കാൻ പറ്റില്ല”… വലിയ കാലടികൾ തിടുക്കത്തിൽ നീട്ടിവെച്ച് ശ്ലീഹാ നടന്നു മറഞ്ഞു.

കണ്ണു തുറന്നപ്പോൾ പുറത്തു ഉച്ചവെയിൽ… ചിരി അടക്കാൻ പാടുപെടുന്നതു കണ്ടു ഞാൻ വീണ്ടും കണ്ണുകളടച്ചു.

അന്നാ പോൾ

Send your news and Advertisements

You may also like

error: Content is protected !!